Thursday, May 28, 2009

ജനാധിപത്യത്തിന്റെ വേറിട്ട ചിന്തകള്‍



ഒരു ദേശീയ തെരഞ്ഞെടുപ്പിന്റെ ആലസ്യത്തിലമര്‍ന്നിരുന്നപ്പോഴാണ്‌ ഞാനൊരു നിമിഷം ജനാധിപത്യത്തേക്കുറിച്ചു ചിന്തിച്ചത്‌. മന്ത്രി സുധാകരനു കവിത എഴുതാന്‍ പറ്റിയ വിഷയം എന്നതിലപ്പുറം ഇതിനെ ഞാനത്ര വകവച്ചിരുന്നില്ല. ജനാധിപത്യം, ഹാവൂ എത്ര മന്‍മോഹന സങ്കല്‌പം! ആ പേരു കേള്‍ക്കാന്‍ തന്നെ എന്തു ലാലൂപ്രസാദം. പ്രകാശം 24 കാരാട്ട്‌. ഭൂരിപക്ഷം ജനങ്ങള്‍ ഒത്തു ചേര്‍ന്ന്‌ ഒരു തീരുമാനമെടുത്താല്‍ ദുര്‍ബലനായ പ്രധാനമന്ത്രിയും ശക്തനായി തിരിച്ചെത്തും. ഭൂരിപക്ഷമാണ്‌്‌ ജനാധിപത്യത്തിന്റെ കാതല്‍. ന്യൂനപക്ഷസംരക്ഷണമൊക്കെ പള്ളിയില്‍ പറഞ്ഞാല്‍ മതി!
ആദ്യ വോട്ടു മുതല്‍ വോട്ടിംഗില്‍ എനിക്കൊരു പ്രത്യേക കഴിവുണ്ട്‌. ഞാന്‍ വോട്ടു ചെയ്യുന്നയാള്‍ ജയിക്കാറില്ല. ഇതറിയാതെ എല്ലാ സ്ഥാനാര്‍ത്ഥികളും കാര്യമായി എന്നോട്‌ വോട്ടും അഭ്യര്‍ത്ഥിക്കാറുണ്ട്‌. വേറിട്ട ചിന്തകള്‍ കേറി വിലസുന്നതിനാലാവും മനസ്‌ ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കാത്തത്‌. ഇന്ന്‌ അതൊക്കെ മാറി. ജയിക്കുന്നവനു വോട്ടു ചെയ്‌തു ജനകോടികള്‍ക്കൊപ്പം കോടി പങ്കിടാന്‍ ഞാനും പഠിച്ചു വരുന്നു.


ജനാധിപത്യത്തിന്റെ ശക്തി തെരഞ്ഞെടുപ്പിലാണ്‌. നാട്ടില്‍ ആരുമറിയാതെ കിടക്കുന്ന പയ്യനെ തണ്ടിലേറ്റി ഉയര്‍ത്തുന്നതും മാളിക മുകളിലിരുന്നു തണ്ടു കാണിക്കുന്ന പോഴന്‍ മന്ത്രിയെ പിടിച്ചു നിലത്തിറക്കുന്നതും അവനാണ്‌.
സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണു നമ്മുടേത്‌. എന്നു കരുതി നമുക്ക്‌ ഏറ്റവും ഇഷ്‌ടമുള്ള സ്വന്തം അമ്മാവന്റെ മോളെയൊന്നും ജനപ്രതിനിധിയായി എളുപ്പത്തില്‍ തെരഞ്ഞെടുക്കാനാവില്ല. മത്സരരംഗത്തു പതിവായി വരുന്ന യു.പി.എ-എന്‍.ഡി.എ മല്ലന്മാരെ അഥവാ ഇടിവെട്ടു മരണം-പാമ്പുകടി മരണം, ഇതില്‍ രണ്ടിലൊന്ന്‌ നമുക്കു തെരഞ്ഞെടുക്കാം. ചൈനയില്‍ ജനാധിപത്യമില്ലാത്തതിനാല്‍ ഇത്ര സ്വാതന്ത്ര്യം പോലും കിട്ടില്ല. അവിടത്തെ പാര്‍ട്ടി സെക്രട്ടറി എല്ലാവര്‍ക്കും ഇടിവെട്ടു മരണം എന്നു പ്രഖ്യാപിച്ചാല്‍ ആരും പാമ്പുകടി വേണമെന്നു പറയാന്‍ ധൈര്യപ്പെടില്ല. കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ ഇത്തരം ചൈനീസ്‌ മോഡല്‍ ദൗര്‍ബല്യങ്ങള്‍ കാണാം. അത്‌ കമ്യൂണിസ്റ്റുകള്‍ വിപ്ലവം തോക്കിന്‍ കുഴലു കാണിച്ച്‌ തെരഞ്ഞെടുപ്പിലൂടെ കൊണ്ടുവരുന്നതാണ്‌.
ദോഷം പറയരുതല്ലോ, ഇവിടെ ആര്‍ക്കും മത്സരിക്കാം, ജയിക്കാനാണു ബുദ്ധിമുട്ട്‌. ജയിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടികള്‍ നിശ്ചയിക്കണം. നാട്ടില്‍ കൊള്ളാവുന്നവരെയൊന്നുമല്ല അവരതിനായി കണ്ടെത്താറ്‌. ആരോഗ്യം, നല്ല സ്വഭാവം, വിദ്യാഭ്യാസ യോഗ്യത, ലോകപരിചയം, കാണാന്‍ ഭംഗി, നല്ല പ്രസംഗം, കാര്യപ്രാപ്‌തി, തന്റേടം ഇതൊന്നും നിര്‍ഭാഗ്യവശാല്‍ അവര്‍ പരിഗണിക്കാറില്ല. പ്രത്യേകിച്ച്‌ കഴിവും പണിയുമില്ലാത്തവരാണ്‌ ഈ രംഗത്തു ശോഭിക്കാറ്‌. ജാതി, പ്രാദേശികത്വം, നേതാവിനോടുള്ള കൂറും ബഹുമാനവും, അനുസരണ ഇതൊക്കെയാണു പാര്‍ട്ടിക്കാര്‍ ആവശ്യപ്പടുന്ന യോഗ്യത. ശത്രുവിനെ കണ്ടാല്‍ നല്ല രീതിയില്‍ കുരയ്‌ക്കുന്നത്‌ അധിക യോഗ്യതയായി കണക്കാക്കും.




ജനപ്രതിനിധികളുടെ വരുമാനവും സുഖവും അനുഭവിച്ചവര്‍ ആ സ്ഥാനം പിന്നെയാര്‍ക്കും വിട്ടുകൊടുക്കില്ല. കിട്ടിയ അവസരത്തില്‍ നാലു തലമുറയ്‌ക്ക്‌ സമ്പാദിക്കുന്നവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ഒരു പാവത്തിന്‌ അവന്റെ കുടുംബം രക്ഷ പ്പെടട്ടെ എന്നു കരുതിപ്പോലും സീറ്റു നല്‍കില്ല. എന്നാല്‍ വലിയ നേതാക്കന്മാര്‍ക്ക്‌ സീറ്റു നേടാന്‍ ഇത്തരം സിമ്പതിയും സംവരണവും കിട്ടാം. ലീഡര്‍ കരുണാകരന്‍ ഇത്തവണ രാജ്യസഭയ്‌ക്ക്‌ അവകാശവാദം ഉന്നയിച്ചതും ഇത്തരം കാരണങ്ങളാലായിരുന്നല്ലോ? കുടുംബ സീറ്റാണ്‌, തീരെ വയ്യ, മെംബറാക്കിയാല്‍ എനിക്കും മോള്‍ക്കും ഡല്‍ഹിയില്‍ ചികിത്സയ്‌ക്കും യാത്രയ്‌ക്കും വളരെ ഗുണംകിട്ടും. ജയ്‌ഹിന്ദ്‌.
രാഷ്‌ട്രീയം പണ്ട്‌ രാജ്യസേവനവും ത്യാഗവുമായിരുന്നു എന്നെല്ലാം പറഞ്ഞു പഴയ തലമുറ കൊതിപ്പിക്കാറുണ്ട്‌. സര്‍വ സുഖപരിത്യാഗികള്‍ക്കായിരുന്നു ഈ രംഗത്തു വിലയുണ്ടായിരുന്നത്‌. അതിനാല്‍ സ്വത്തെല്ലാം ഭാര്യയുടെയും മക്കളുടെയും പേരിലാക്കി പോക്കറ്റില്‍ കാലണ മാത്രം എന്നു സ്വത്തു പ്രഖ്യാപിക്കുന്ന ആദര്‍ശ പാപ്പര്‍മാരുണ്ടായിരുന്നു. ഇന്നും ത്യാഗമുണ്ട്‌, എത്ര കാലുപിടിച്ചാലാണ്‌, പാര പണിതാലാണ്‌ മുന്‍ നിരയില്‍ എത്താനാവുക! ലക്ഷം മുടക്കി ഡോക്‌ടറായി ലക്ഷമുണ്ടാക്കുന്ന മെഡി(മേടി)ക്കല്‍ ബിസിനസ്‌ പോലൊരു പ്രഫഷനാണ്‌ രാഷ്‌ട്രീയം. അതിനാല്‍ ഇന്നു കോടീശ്വരന്മാര്‍ക്കാണ്‌ മാര്‍ക്കറ്റും വോട്ടും.
അങ്ങനെ പാര്‍ട്ടിയെ ചാക്കിട്ടു സീറ്റു സമ്പാദിച്ചു ബാലറ്റു പേപ്പറില്‍ നിരന്നിരിക്കുന്ന കോടീശ്വരന്മാരായ കഴുത, കുറുക്കന്‍, കടുവ, ബാലശിങ്കം, മരപ്പട്ടി, കരിങ്കാലന്‍, പൊട്ടു അമ്മന്‍ തുടങ്ങിയ ഇനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തിനെയാണ്‌ നാം സ്വന്തം പ്രതിനിധിയായി തെരഞ്ഞെടുക്കേണ്ടത്‌. ഇവര്‍ക്ക്‌്‌ ധാരാളം അപരന്മാരും കാണും.
സ്ഥാനാര്‍ത്ഥിയെ കേമന്മാരാക്കുന്നത്‌ കോടികളിറക്കിയുള്ള പരസ്യവും മീഡിയാ പ്രചാരണവുമാണ്‌. കവലകള്‍ തോറും കക്ഷം പൊക്കി നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളെക്‌സ്‌ ബോര്‍ഡു വരുന്നതോടെ ആളു പുലിയായി. നഗരത്തിന്റെ ഇടുങ്ങിപ്പൊളിഞ്ഞ രാജവീഥിയിലെത്തി മൈക്കിലൂടെ വിളിച്ചുപറഞ്ഞ്‌ അവനെ നാടിന്റെ കണ്ണിലുണ്ണിയും, ആദര്‍ശധീരനുമാക്കണം. അമേരിക്കന്‍ സാമ്രാജ്യത്വവും, ആഗോളവത്‌കരണവും ചെറുക്കുവാന്‍ ഈ ചങ്ങാതിക്കു വോട്ടു ചെയ്‌താല്‍ മതി എന്നു സ്ഥാപിക്കണം. അതിനുള്ള ചര്‍ച്ചകള്‍ ചാനലിലൂടെ കൊഴുപ്പിക്കണം. എങ്കിലെ വോട്ട്‌, പെട്ടിയില്‍ വീഴൂ. ആഗോളതാപനം അഞ്ചുകൊല്ലത്തിനകം ശരിയാക്കാമെന്ന ഉറപ്പില്‍ ഞാനിത്തവണ ഒരു കൊഞ്ഞാണന്‌ വോട്ടു കൊടുത്തു പോയി.





ഇടയ്‌ക്കിടക്ക്‌ നാട്ടില്‍ തെരഞ്ഞെടുപ്പു വരും, ഭൂരിപക്ഷം കിട്ടുന്നവര്‍ ഭരിക്കുമെന്നതെല്ലാം ശരിയാണെങ്കിലും പെതുവേ ജനാധിപത്യത്തിനല്‌പം മാന്ദ്യമില്ലേയെന്ന്‌ എനിക്കു സംശയമുണ്ട്‌. ജനാധിപത്യപാര്‍ട്ടികളില്‍ പോലും ന്യൂനപക്ഷം വരുന്ന നേതാക്കളാണ്‌ ഭൂരിപക്ഷം ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നത്‌! മന്ത്രിസഭയുടെ ഭൂരിപക്ഷം പോയി ന്യൂനപക്ഷമായാല്‍ കോടികളിറക്കി ഭൂരിപക്ഷമാക്കുന്ന സാങ്കേതിക വിദ്യയും നാം വികസിപ്പിച്ചു കഴിഞ്ഞു. വന്നുവന്ന്‌ അത്യാവശ്യം രാഷ്‌ട്രീയവും കസ്‌റ്റഡിയില്‍ ക്വട്ടേഷന്‍ സംഘവുമുണ്ടെങ്കില്‍ ആര്‍ക്കും ഈ ജനാധിപത്യത്തിലും രാജഭരണമാകാം.
സൗന്ദര്യ മത്സരം, റിയാലിറ്റി ഷോ തുടങ്ങിയ ഗ്ലാമര്‍ വിനോദ സെറ്റപ്പുകളില്‍ പോലും പേരിനു ജനാധിപത്യം വന്നു കഴിഞ്ഞു. അവിടെ ജയിക്കാന്‍ പണം മുടക്കിയുള്ള എസ്‌.എം.എസ്‌. വോട്ടുകള്‍ തന്നെ വേണം. നമ്മുടെ വിദ്യാഭ്യാസം, വിവാഹം, ജോലി ഇവയൊന്നും തെരഞ്ഞെടുക്കുന്നതു ജനാധിപത്യ രീതിയിലല്ല. അതൊക്കെ ഒരുകണക്കിനു ലോട്ടറിയാണല്ലോ!
എന്തിന്‌, നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും കാര്യം ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷ അഭിപ്രായപ്രകാരം നടക്കാറുണ്ടോ? ആവേശപൂര്‍വ്വം ജനാധിപത്യം പറയുന്ന പലരും സ്വന്തം കാര്യം വരുമ്പോള്‍ ഒരു പുലി പ്രഭാകരനോ പിണറായിയോ ആകാനാണല്ലോ ശ്രമം.

Tuesday, April 7, 2009

ദുഃഖങ്ങള്‍ക്ക്‌ ഇന്നവധി, നാളെയും


വിഷമങ്ങളും വേദനകളും കുറയ്‌ക്കാന്‍ തമാശും ചിരിയും നല്ല ഔഷധമാണെന്ന്‌ വൈദ്യശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്‌. പിരിമുറുക്കം കുറയ്‌ക്കുന്ന മനസ്സിന്റെ വ്യായാമമാണ്‌ ചിരി. ഇത്‌ രക്തസമ്മര്‍ദ്ദം, ഹൃദയസ്‌പന്ദനം, മസില്‍ പ്രവര്‍ത്തനം, വയറിലെ അസിഡിറ്റി എന്നിവയെല്ലാം നിയന്ത്രിച്ചു നേരെയാക്കും. അതിനാല്‍ കാര്‍ട്ടൂണിസ്റ്റുകളെ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിയമിക്കുന്ന കാലം വിദൂരമല്ല. അല്ലെങ്കില്‍ ആശുപത്രി ബില്ലു കണ്ട്‌ രോഗികള്‍ ചിരിച്ചുചിരിച്ചു വട്ടായി വീണ്ടും അഡ്‌മിറ്റാകും.
പക്ഷേ ചിരിപ്പിക്കാന്‍ വേണ്ടി ദിവസവും വളരെയേറെ വേദനയനുഭവിക്കുന്നവനാണ്‌ ഞാന്‍. അന്നന്നത്തെ തമാശ കണ്ടെത്താനുള്ള വേദന. ഓര്‍ത്താല്‍ അതുമൊരു തമാശയല്ലേ!
സന്തോഷത്തിന്റെ മറുവശമാണ്‌ സങ്കടം എന്നാണ്‌ പലരും പറയാറ്‌. എന്നാല്‍ രണ്ടും ഒരു വശത്തല്ലേ എന്നും എനിക്കു തോന്നാറുണ്ട്‌. ചിരിയുണ്ടാക്കാന്‍ ചിരിയോടൊപ്പം വേദനകളും ആത്മാര്‍ത്ഥമായി സഹകരിക്കാറുണ്ട്‌. പണ്ടത്തെ `ചാര്‍ളി ചാപ്ലിന്‍', `ലോറല്‍ ആന്റ്‌ ഹാര്‍ഡി' സിനിമകള്‍ ഇന്നും ആബാലവൃദ്ധം ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നു. അതിലെ കഥാപാത്രങ്ങള്‍ ഉരുണ്ടുവീണും അടി വാങ്ങിയും ധാരാളം വേദന ഏറ്റുവാങ്ങിയാണ്‌ നമ്മേ ചിരിപ്പിക്കുന്നത്‌. മറ്റുള്ളവരുടെ ദുരന്തത്തില്‍ സത്യത്തില്‍ മനുഷ്യര്‍ ഉള്ളുകൊണ്ട്‌ ആനന്ദിക്കുന്നുണ്ട്‌. അതിനു ഗ്രേഡ്‌ വ്യത്യാസമുണ്ടെന്നു മാത്രം.
ഒരു കൊച്ചുകുട്ടി പഴത്തൊലിയില്‍ തെന്നി വീണാല്‍ ആരും ചിരിക്കില്ല, പഴത്തൊലി പോലും. വീണവന്‍ വലിയവനാണേല്‍ ചിരി വരാം. അതൊരു പൊങ്ങനൊ പോഴനോ പത്രാസുകാരനോ ആണേല്‍ ചിരി കൂടും. സമൂഹത്തില്‍ സ്ഥാനം കൂടുന്നതനുസരിച്ച്‌ ചിരിയും കൂടും. വീഴ്‌ച ഐസിലോ വെള്ളത്തിലോ കുമ്മായത്തിലോ ചെളിയിലോ ആണേല്‍ നന്നായി ചിരിക്കാം. നിലത്തുവീണു പരിക്കു പറ്റിയാല്‍ ചിരി കുറയും, മരണപ്പെട്ടാല്‍ ചിരിയേയില്ല. കണ്ടോ! ആളും തരവും സമയവും സന്ദര്‍ഭവുമനുസരിച്ചാണ്‌ നമ്മുടെ ചിരി.
സന്തോഷവും വേദനയും നമുക്ക്‌ നിയന്ത്രിക്കാനാകുമെന്നും അവ ആവശ്യാനുസരണം ഉപയോഗിച്ച്‌ സന്തോഷിച്ചോ ദുഃഖിച്ചോ എല്ലാവര്‍ക്കും കഴിഞ്ഞുകൂടാമെന്ന്‌ ഞാന്‍ ഏതാണ്ട്‌ കണ്ടുപിടിച്ചിട്ടുണ്ട്‌.(പരീക്ഷണം തുടരുന്നു.)
എന്താണ്‌ ഈ സങ്കടവും സന്തോഷവും? സന്തോഷമവിടെ ഇത്തിരി നേരം നിക്കട്ടെ, നമുക്ക്‌ സങ്കടത്തെ ഒന്നു കൈകാര്യം ചെയ്യാം. സങ്കടം അംഗബലമുള്ള അതിപുരാതന തറവാട്ടുകാരാണ്‌. വിഷമം, വേദന, വല്ലായ്‌മ, ശീലായ്‌മ, മൂഡോഫ്‌, അസ്‌തിത്വ ദുഃഖം, പേടിച്ചത്‌, വിരഹം, രോഗം, കഴപ്പ്‌ തുടങ്ങിയവരെല്ലാം ഇഷ്‌ടന്റെ കസിന്‍സാണ്‌. വേദന ശരീരത്തിനും മനസ്സിനും വരാമല്ലോ. ഏതാണ്‌ തമ്മില്‍ ദുസ്സഹം? എന്നൊന്ന്‌ എസ്‌.എം.എസ്‌ പോള്‍ നടത്തിനോക്കൂ. ശരീരത്തിന്റേത്‌ സഹിക്കാം, മനസ്സിന്റേതാണ്‌ കടുപ്പം എന്ന്‌ ഹൈസ്‌ക്കൂള്‍ കാമുകീകാമുകന്മാര്‍ പോലും സമ്മതിക്കും.
ശരീരവേദനകളില്‍ തലവേദനയാണ്‌ രാജാവ്‌. മെഗാട്യൂമറുണ്ടായാലും, പ്രഷറു കൂടിയാലും വെറും നേരമ്പോക്കിനും തലവേദന വരാം. പുറമെ പ്രകടമായ തെളിവുകളൊന്നും വേണ്ടാത്തതുകൊണ്ട്‌ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും തലവേദന അവകാശപ്പെടാം. അതിനാല്‍ സ്‌കൂളിലും ഓഫീസിലും അവധിക്കായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും തലവേദനയാണ്‌. നാട്ടില്‍ തീറ്റയ്‌ക്കും ഗ്യാസിനും പഞ്ഞമില്ലാത്തതിനാല്‍ വേദനകളില്‍ രണ്ടാം സ്ഥാനം വയറുവേദനയ്‌ക്കായിരിക്കണം.
വീട്ടില്‍ ചെറുപ്പത്തില്‍ ഞാനൊരു വയറുവേദനക്കാരനായാണ്‌ അറിയപ്പെട്ടിരുന്നത്‌. ഹയര്‍ ഓപ്‌ഷനില്‍ ചേട്ടന്‌ തലവേദന കിട്ടിയതുകൊണ്ട്‌ എനിക്ക്‌ വയറുവേദനകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. ചേട്ടന്റെ തലവേദന ഷോര്‍ട്ട്‌സൈറ്റ്‌ ആണെന്ന്‌ വളരെ നാളുകള്‍ക്കു ശേഷമാണ്‌ കണ്ടെത്തിയത്‌. അതിനിട വരുത്തിയതോ? ഒരാന. നേര്യമംഗലം വഴി മൂന്നാറിലേയ്‌ക്ക്‌ പോകുമ്പോള്‍ പണ്ട്‌ വാളറ ഭാഗത്ത്‌ ആനകളെ കാണാറുണ്ട്‌. സന്ധ്യ കഴിഞ്ഞാല്‍ ആനകള്‍ റോഡിലുമെത്തും. ഒരിക്കല്‍ ഞങ്ങള്‍ കുടുംബസമേതം കാറില്‍ അവിടെയെത്തിയപ്പോള്‍ റോഡിനക്കരെ ദൂരെയുള്ള മലയിലെ പുല്‍മേടില്‍ നില്‍ക്കന്ന ആനയെ അച്ഛന്‍ കാണിച്ചു തന്നു. ഞങ്ങളെല്ലാവരും ആനയെ കണ്ടു. ചേട്ടന്‍ മാത്രം കണ്ടില്ല. പല തവണ ചൂണ്ടിക്കാണിച്ചിട്ടും ഊന്നിക്കാണിച്ചിട്ടും ചേട്ടന്‍ കണ്ടില്ല.
`നിനക്ക്‌ മാത്രം എന്തുകൊണ്ട്‌ കണ്ടുകൂടാ?'
എന്നു തത്വാധിഷ്‌ടിതമായി ചോദിച്ച്‌ വഴക്കു പറഞ്ഞുതുടങ്ങിയതോടെ മലയിലുള്ള ഒരു പാറ ആനയാണെന്ന്‌ ചേട്ടന്‍ സങ്കല്‌പിച്ചു. ആനയെ കണ്ടെന്ന്‌ നുണയും പറഞ്ഞ്‌ തല്‌ക്കാലം രക്ഷപ്പെട്ടു.
എന്റെ വയറുവേദന ഡിസന്ററിയിലാണ്‌ അവസാനിച്ചത്‌. അവസാനിച്ചു എന്നു പറയാനാവില്ല, അതൊരു തുടക്കം മാത്രം.വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതിനാല്‍ അത്‌ അമീബിക്‌ ഡിസന്ററിയായി നാട്ടില്‍ പേരെടുത്തു. കഷായത്തിലൂടെ ഒരായൂര്‍വേദ തന്ത്രി ഇവനെ ഒതുക്കി തന്നെങ്കിലും അതുവരെയുള്ളകാലം ഞാന്‍ കുറച്ചു കഷ്‌ടപ്പെട്ടു. പ്രത്യേകിച്ച്‌ യാത്രയില്‍. അസുഖകാലത്ത്‌ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ ്‌ ബസ്‌ സ്റ്റാന്‍ഡു വക കക്കൂസിലും കയറേണ്ട ഗതികേട്‌ ഉണ്ടായിട്ടുണ്ട്‌. ഒരു ഇന്റര്‍വ്യു യാത്രക്കിടയില്‍ ബസ്സിറങ്ങി കക്കൂസ്‌ തപ്പി ഓടി. പൊതുവേ വൃത്തിഹീനമാണെന്നറിയാവുന്നതുകൊണ്ട്‌ അതെവിടെയാണെന്ന്‌ ഒരിക്കല്‍ പോലും ശ്രദ്ധിച്ചിരുന്നില്ല. ക്യു നില്‍ക്കേണ്ടി വന്നാലോ എന്നും മനസ്സില്‍ പേടിയുണ്ട്‌. ഭാഗ്യം! ഒരെണ്ണത്തിന്റെ വാതില്‍ തുറന്നു കിടക്കുന്നു. ചാടി അകത്തുകയറി നോക്കിയപ്പോഴാണറിയുന്നത്‌ വാതിലിനു കുറ്റിയില്ല. സാരമില്ല, തള്ളിപ്പിടിക്കാം എന്ന ആശ്വാസത്തില്‍ പാന്റൂരി കുനിയാന്‍ തുടങ്ങിയപ്പോഴാണ്‌ മറ്റൊരു ദുഃഖസത്യം കണ്ടെത്തിയത്‌. വാതിലിന്‌ അടിഭാഗവും ഇല്ല. ഇല്ലെങ്കിലില്ല, അത്യാവശ്യക്കാരന്‌ ഔചിത്യവും അടിഭാഗവും വേണ്ടല്ലോ!
ഏതാണ്‌ ഏറ്റവും വലിയ വേദന? പല്ലില്‍ ദന്തിസ്റ്റ്‌, ഓന്റെ ജെ.സി.ബി കൊണ്ട്‌ തുളയ്‌ക്കുമ്പോഴുള്ള പുളിപ്പുള്ള വേദനയാണോ അതോ മെഡുല്ല ഒബ്ലാങ്കട്ട വരെ ചുരണ്ടുന്ന ചെവി വേദനയോ? പല്ലുവേദന വന്നാല്‍ ഒന്നും തിന്നണ്ട, ചെവിയാണേല്‍ ഒന്നും കേള്‍ക്കണ്ട; എന്നാല്‍ കണ്ണിനസുഖം വന്നാല്‍ ടിവിയെങ്ങനെ കാണും? ഓരോന്നു വരുമ്പോള്‍ അവനാണു വലുതെന്നു തോന്നും. പ്രസവവേദനയാണ്‌ ഏറ്റവും വലുതെന്ന്‌ പറഞ്ഞാണ്‌ സ്‌ത്രീകള്‍ ഞെളിഞ്ഞു നടക്കുന്നത്‌. സിസേറിയനായതോടെ അതും തീര്‍ന്നു. പ്രസവവേദന കഠിനമാണ്‌, അത്‌ സ്‌ത്രീകള്‍ക്കു മാത്രം ആകുന്നത്‌ ശരിയല്ല, കാരണക്കാരനായ പുരുഷനും കുറച്ച്‌ അനുഭവിക്കണമെന്നു പറഞ്ഞ്‌ പണ്ട്‌ വനിതാ കമ്മീഷനു പരാതി കൊടുത്ത കഥ കേട്ടിരിക്കുമല്ലോ?
ഇല്ലെങ്കില്‍ കഥാസംഗ്രഹം ഇതാണ്‌:
പ്രസ്‌തുത പരാതി ഫയലില്‍ സ്വീകരിച്ചു. ആധുനിക വൈദ്യസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പ്രസവവേദനയുടെ മുപ്പത്തിമൂന്നും മൂന്നിലൊന്നു ശതമാനം വേദന പുരുഷനു കിട്ടണമെന്ന്‌ കമ്മീഷന്‍ ഉത്തരവുമിറക്കി. പക്ഷേ പ്രസവത്തിനുത്തരവാദിയായ പുരുഷനാണ്‌ വേദന കിട്ടുക എന്നതിനാല്‍ ഭര്‍ത്താവിന്‌ വേദന വരണമെന്നില്ല. മാത്രമല്ല ആ വാര്‍ത്ത പത്രത്തില്‍ വന്ന്‌ നാണക്കേടുമുണ്ടാവാം. എല്ലാം കൂടി ചിന്തിച്ചപ്പോള്‍ ഒത്തുതീര്‍പ്പിലെത്തി കേസ്‌ പിന്‍വലിച്ചതായിട്ടാണ്‌ ഒടുവില്‍ കിട്ടിയ അറിവ്‌.
ശരീര വേദനകള്‍ തീര്‍ക്കാന്‍ എത്രയോ മരുന്നുണ്ട്‌. മനസ്സിന്റെ വേദനയ്‌ക്ക്‌ എന്തു ചെയ്യും? യോഗ, മെഡിറ്റേഷന്‍, മ്യൂസിക്‌ തെറാപ്പി, ഹ്യൂമര്‍ തെറാപ്പി, ധ്യാനം എന്നെല്ലാം പറഞ്ഞ്‌ ഈയിടെയായി പലരും രക്ഷപ്പെട്ടു പോകുന്നുണ്ട്‌. അതിനു യോഗയല്ല, യോഗം തന്നെ വേണം.


വേദനക്കുടുംബത്തിലെ ആഢ്യത്വമുള്ളവരാണ്‌ മനഃപ്രയസക്കാര്‍. സ്‌ട്രെസ്‌, ആങ്‌സൈറ്റി, ഫോബിയ, ടെന്‍ഷന്‍ തുടങ്ങി എത്രയെത്ര ജാതികള്‍. പണ്ട്‌ വട്ടെന്ന്‌ പറഞ്ഞ്‌ വട്ടുതട്ടി അവഗണിച്ചിരുന്നവര്‍ ഇന്ന്‌ അന്തസ്സായി രോഗലോകം നിയന്ത്രിക്കുന്നു. കടം, പ്രണയം, മത്സരം, ആക്രാന്തം, അസൂയ, മൊബൈല്‍ ക്രിയകള്‍ എന്നിവ ചെറുപ്പം മുതല്‍ പുഷ്‌ടിപ്പെട്ടു വരുന്നതുകൊണ്ട്‌ എല്‍.കെ.ജി പിള്ളേര്‍ക്കു വരെയുണ്ട്‌ ഡിപ്രഷന്‍. അവരെ പഠിപ്പിക്കുന്ന സാറിന്‌ സ്‌ട്രെസ്‌. അതെല്ലാം ഓര്‍ത്താല്‍ പേരന്‍സിനും ഉണ്ടാവും ടെന്‍ഷന്‍.

നമുക്ക്‌ ദുഃഖം വേണ്ടാ, സന്തോഷം മാത്രം മതി. അതിനെന്താണു മാര്‍ഗ്ഗമെന്ന്‌്‌ ബുദ്ധന്‍ മുതല്‍ ഓഷോ വരേയും റിസേര്‍ച്ച്‌ നടത്തി ഡോക്‌ടറേറ്റെടുത്തിട്ടും ആളുകള്‍ക്ക്‌ ഇന്നും ദുഃഖം ബാക്കി. നാം എന്തു ചിന്തിക്കുന്നുവോ അതാണു നമുക്ക്‌ കിട്ടുക. മനസ്സില്‍ സന്തോഷമുള്ള കാര്യം നിറഞ്ഞു നിന്നാല്‍ സന്തോഷവും, ദുഃഖമുള്ള കാര്യം ഓര്‍ത്തിരുന്നാല്‍ ദുഃഖവും കിട്ടും. എന്നറിയാഞ്ഞിട്ടല്ലാ, അതിനു കഴിയണ്ടേ?
ഞാനെപ്പോഴും മോശപ്പെട്ട, വേദനയുള്ള, ദുഃഖമുള്ള കാര്യങ്ങളാണാലോചിക്കുക. പ്രതീക്ഷിക്കുന്ന ആളല്‌പം വൈകിയാല്‍ ആ ബസിപ്പോള്‍ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞു കാണും എന്നാവും ചിന്ത, ഒരുപക്ഷേ വണ്ടിയിടിച്ചു കാലൊടിഞ്ഞിട്ടുണ്ടാവണം. വണ്ടി തീ പിടിച്ച സംഭവങ്ങളുണ്ടല്ലോ? അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നറിയുമ്പോഴുള്ള ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടിയാണിതൊക്കെ ചെയ്യുന്നത്‌. അല്ലെങ്കില്‍}ഞാന്‍ വിചാരിച്ചാല്‍ ഒന്നും അതുപോലെ സംഭവിക്കില്ലെന്ന്‌ ഒരു ധൈര്യം. അതുമല്ലെങ്കില്‍ ഏതു ദുരന്തവും ഏറ്റെടുക്കാന്‍ മനസ്സിനെ പാകപ്പെടുത്തല്‍. ആ ഒരുനിമിഷ സന്തോഷം കഴിഞ്ഞാല്‍ വീണ്ടും ഇത്തരം ദുഃഖ ചിന്തകള്‍ തുടങ്ങും. അവസാനം ഞാനിന്ന്‌ തിരിച്ചറിയുന്നു, ദുഃഖമാണെന്റെ സന്തോഷം. ഇടയ്‌ക്ക്‌ വല്ലപ്പോഴും അവധിയെടുക്കുന്നു എന്നു മാത്രം.

Friday, March 20, 2009

സുന്ദരികളും കുറെ സുന്ദരന്മാരും


സുഹൃത്തൊരുത്തന്‍ പ്രേമിച്ചു കെട്ടിയപ്പോള്‍ ആ പെണ്ണിനെ കാണാന്‍ എനിക്ക്‌ വലിയ ആകാംക്ഷയായിരുന്നു. എന്റെ അന്നത്തെ തോന്നല്‍ അനുസരിച്ച്‌ ഒരുത്തന്‍ പ്രേമിക്കണമെങ്കില്‍ അവള്‍ റീത്താ ഫാരിയയേപ്പോലെ ഒരു ലോകസുന്ദരിയായിരിക്കണം. (ഐശ്വര്യാറായിയുടെ പേര്‌ ഇവിടെ പറയാത്തതോര്‍ത്ത്‌ അഭിഷേക്‌ ബച്ചന്‍ വിഷമിക്കരുത്‌. അന്ന്‌ ആ കുട്ടി ജനിച്ചിട്ടുപോലുമില്ല.) വിവാഹശേഷം സുഹൃത്തുദമ്പതികളെ അടുത്തു കണ്ടപ്പോള്‍ പെണ്‍കുട്ടിയെ എനിക്കത്രയ്‌ക്കങ്ങ്‌ ഇഷ്‌ടപ്പെട്ടില്ല. എന്റെ അന്നത്തെ കുറഞ്ഞ ലോക പരിചയവും തുറന്ന സമീപനവും ഒന്നും ഒളിച്ചു വയ്‌ക്കാത്ത നിഷ്‌കളങ്ക പ്രകൃതവും കൊണ്ട്‌ ഞാനാ വിവരം അവനോടു തുറന്നു പറഞ്ഞു:
`ഇതാണോ നീ പ്രേമിച്ച സാധനം! ഒരു ഭംഗിയുമില്ലല്ലോടാ!'
അവനതെങ്ങനെ ഫീല്‍ ചെയ്‌തു എന്നെനിക്കറിയില്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അന്നു റിയാലിറ്റി ഷോയൊന്നുമില്ലല്ലോ. ഞാന്‍ കണ്ടെത്തിയ സംഗതി ഒരു ടെമ്പോയ്‌ക്കങ്ങു പറഞ്ഞു. അവന്റെ മറുപടിയും ഫന്റാസ്റ്റിക്കായിരുന്നു:
`പെണ്ണുങ്ങളും സുന്ദരന്മാരെ വേണമെന്നു വാശിപിടിച്ചാല്‍ നമുക്കു പിന്നെ പെണ്ണുകിട്ടുമോ?'
അങ്ങനെയൊരു കാര്യം ഞാനാദ്യമായിട്ടു കേള്‍ക്കുകയാണ്‌. എനിക്കാ മറുപടി ഇഷ്‌ടപ്പെട്ടു. മറ്റുള്ളവരുടെ ഭാഗത്തു നിന്നു ചിന്തിക്കാനും സ്വയം വിമര്‍ശിക്കാനുമുള്ള കഴിവ്‌ അതിനു ശേഷമാണു ഞാന്‍ സ്വായത്തമാക്കിയത്‌.
ഓരോരുത്തരുടെയും സൗന്ദര്യ സങ്കല്‌പം വ്യത്യസ്‌തമാണ്‌. ഒരാള്‍ക്ക്‌ ഇഷ്‌ടമുള്ളത്‌ മറ്റൊരാള്‍ക്ക്‌ വെറുപ്പായിരിക്കും. പതിഞ്ഞ മൂക്കുള്ള ചൈനാക്കാര്‍ക്ക്‌ നീണ്ട മൂക്കുള്ള ഇറാന്‍ കാരോടു സഹതാപമല്ലേ തോന്നുക! ചുരുണ്ട മുടി, കോലന്‍ മുടി, പൂച്ചക്കണ്ണ്‌ ഇതെല്ലാം ചിലര്‍ സൗന്ദര്യലക്ഷണമായും മറ്റുചിലര്‍ സൗന്ദര്യത്തിനു മാറ്റു കുറയ്‌ക്കുന്ന ഇനമായും കരുതുന്നു. ഓരോ ഇഷ്‌ടത്തിനും അനിഷ്‌ടത്തിനും കാരണങ്ങള്‍ പലതാണേലും അതെല്ലാം പരിഹരിക്കും വിധം ലോകത്ത്‌ എല്ലാവര്‍ക്കും അവരവര്‍ക്കിണങ്ങിയ ഇണകള്‍ റെഡിയായിട്ടുണ്ടെന്നതാണ്‌ സത്യം.
പതിനാറും പതിനേഴുമൊക്കെ മധുരമുള്ള പ്രായമെന്നു പറയുമെങ്കിലും സൗന്ദര്യം ഏതവസ്ഥയിലുമാകാം. ഓരോ പ്രായത്തിനും ഓരോ സൗന്ദര്യം. കൊച്ചുകുട്ടികളുടെ ഓമനത്തം എന്തു രസമാണ്‌! സൗന്ദര്യം ജ്വലിച്ചു നില്‍ക്കുന്ന കാലം യുവത്വമാണ്‌. അതുപോലെ തന്നെ പ്രൗഢമായ വാര്‍ധക്യവുമുണ്ട്‌. മദര്‍ തെരസയുടെ ചുളിവുള്ള മുഖത്തിനു എന്തൊരു കലയാണ്‌!
കോളജില്‍ പഠിക്കുന്ന കാലത്ത്‌ ബൈക്കില്‍ നിന്നു വീണു കാലൊടിഞ്ഞ്‌ ക്രച്ചസില്‍ ക്ലാസില്‍ വന്ന ഒരു പഹയന്‌ എന്തായിരുന്നു ഗ്ലാമര്‍! പെണ്‍കുട്ടികള്‍ക്ക്‌ അവനോട്‌ സിമ്പതിയാണോ വീരാരാധനയാണോ ഉണ്ടായിരുന്നതെന്ന്‌ നിശ്ചയം പോരാ. അന്ന്‌ എന്നെയും ഒരു വികലാംഗനാക്കണേ എന്നു ഞാനും പ്രാര്‍ത്ഥിച്ചുപോയി.
കാര്‍ട്ടൂണ്‍വര ശീലമാക്കിയതോടെയാണ്‌ അധ്യാപകര്‍, കുട്ടികള്‍. വഴിപോക്കര്‍, പോര്‍ട്ടര്‍മാര്‍, രാഷ്‌ട്രീയക്കാര്‍, ചട്ടമ്പികള്‍, പകല്‍മാന്യന്മാര്‍, വെള്ളക്കാര്‍, വെള്ളമടിക്കാര്‍ തുടങ്ങി എല്ലാത്തരം അല്‍ക്കുല്‍ത്തുകളെയും ഞാന്‍ ശരിക്കും നിരീക്ഷിക്കാന്‍ തുടങ്ങിയത്‌. അതോടെ ലോകത്തുള്ള സകലരും സുന്ദരികളും സുന്ദരന്മാരുമാണെന്ന കാര്യം എനിക്കു ബോധ്യപ്പെട്ടു. പൊതുവെ ബോറന്മാരെന്നു കരുതുന്ന പിച്ചക്കാരില്‍ പോലും നല്ല സുന്ദരക്കുട്ടപ്പന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്‌.
അമിതാഭ്‌ ബച്ചന്റെ പൊക്കത്തിനും പൊക്കമില്ലായ്‌മയാണെന്റെ പൊക്കമെന്നു പറഞ്ഞ കുഞ്ഞുണ്ണിയുടെ നര്‍മ്മത്തിനും സൗന്ദര്യമുണ്ട്‌.നെപ്പോളിയന്‍, ഹിറ്റ്‌ലര്‍, ഗാവസ്‌കര്‍, സച്ചിന്‍ തുടങ്ങിയവരെല്ലാം ലിറ്റില്‍ മാസ്റ്റര്‍ മാരാണ്‌. അവരുടെ പ്രവൃത്തികള്‍ കൊണ്ടു വലുപ്പം നേടിയ ചെറിയ മനുഷ്യരാണവര്‍.നമ്മുടെ സ്വന്തം ഉണ്ടപ്പക്രുവിനു ഐശ്വര്യവും ജീവിതവും ഗിന്നസ്‌ബുക്കിലിടവും നേടിക്കൊടുത്തത്‌ ആ പൊക്കമില്ലായ്‌മയാണ്‌.
കുടവയറും കഷണ്ടിയും പുരുഷ സൗന്ദര്യമായി അത്തരക്കാര്‍ തന്നെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്‌. കഷണ്ടിക്കു മരുന്നില്ലാത്തതും വയര്‍ കുറയ്‌ക്കാന്‍ മടിയുള്ളതുമാണ്‌ അതിനവരെ പ്രേരിപ്പിക്കുന്നത്‌. അതേ ഷെയ്‌പ്പിലുള്ള, ദേഹമനക്കാന്‍ മനസില്ലാത്ത സ്‌ത്രീകളും ഇതാണു സൗന്ദര്യമെന്നു സങ്കല്‌പിച്ച്‌ സന്തോഷമായി കഴിഞ്ഞുകൂടുന്നു. ഒത്തപൊക്കവും ശരീരവും ഉള്ള ചുരുക്കം ചിലര്‍ക്ക്‌ കുടവയറും കഷണ്ടിയും ഭംഗിയായി തോന്നാറുണ്ട്‌. അമ്പലത്തില്‍ ഉത്സവത്തിനു നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നള്ളിക്കുന്നതുപോലെ പൊതുപരിപാടികളില്‍ ഇവര്‍ നില്‍ക്കുന്നത്‌ ഒരു അഴകാണ്‌. ഒരാനച്ചന്തം.
വിവാഹസല്‍ക്കാരവേളയില്‍ വധൂവരന്മാരുടെ സംഘത്തിന്റെ അന്തസുയര്‍ത്താന്‍ കോട്ടും സ്യൂട്ടുമിട്ട നല്ല പേഴ്‌സണാലിറ്റിയുള്ള അതിഥികളെ വാടകയ്‌ക്ക്‌ രാജസ്ഥാനില്‍ കിട്ടുമെന്ന്‌ വായിച്ചിട്ടുണ്ട്‌. ഞാനും അങ്ങനെയൊരു സേവനം ഒരിക്കല്‍ ഉപയോഗപ്പെടുത്തി.
എന്റെ വിവാഹം കഴിഞ്ഞു കോട്ടയത്തു താമസം തുടങ്ങിയ കാലം. ഭാര്യയുടെ ഒരു ബന്ധുവിനു പാലായില്‍ പെണ്ണുകാണാന്‍ പോകണം. അതിനായി അവന്‍ തനിയെ വീട്ടില്‍ വന്നു. പെണ്ണുകാണാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കൊപ്പം ലോകപരിചയമുള്ളൊരു കാര്‍ന്നോര്‍ കൂടിയുണ്ടായാല്‍ നന്നായേനെ എന്നു തോന്നി. പക്ഷേ പെട്ടെന്ന്‌ ഒരാളെ എവിടന്നു കിട്ടാന്‍? എങ്കിലും ഞാനൊരാളെ കണ്ടെത്തി, ദീപികയിലെ സീനിയര്‍ സഹപ്രവര്‍ത്തകന്‍ പി.പി സ്‌കറിയ എന്ന സ്‌കറിയാസാര്‍.
അത്ര പ്രായക്കൂടുതലൊന്നുമില്ലെങ്കിലും എവിടെയും കൊള്ളിക്കാവുന്ന രൂപവും ഭാവവും ഇടപെടലും കൊണ്ട്‌ സാറുഏതു റോളിലും ശോഭിക്കും. പോരെങ്കില്‍ ആളൊരു പാലാക്കാരനും. സംഗതി പറഞ്ഞപ്പോള്‍ രസികനായ സാറിനും സമ്മതം. ജുബ്ബയും കഴുത്തില്‍ മുഴുത്ത സ്വര്‍ണ്ണച്ചെയിനുമിട്ടു വെളുത്തു സുന്ദരനായ നമ്മുടെ കാര്‍ന്നോര്‍ കാറിന്റെ മുന്നിലിരുന്നു ഞങ്ങളെ നയിച്ചു. പെണ്ണുവീട്ടിലും നല്ല പ്രകടനമായിരുന്നു. പക്ഷേ ഞങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ആ കല്യാണം നടന്നില്ല എന്നതു വേറെ കാര്യം.
കൂടെ പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകരില്‍ സുന്ദര അനുഭവങ്ങള്‍ ഏറെ സമ്മാനിച്ച ഒരാളാണ്‌ പിപിയെസ്‌ എന്നുംചുരുക്കപേരില്‍ അറിയപ്പെടുന്ന സ്‌കറിയാസാര്‍. ന്യൂസ്‌ സെന്‍സും, കോമണ്‍സെന്‍സും, ഹ്യുമര്‍സെന്‍സമുള്ള പത്രക്കാരന്‍. അദ്ദേഹത്തിന്റെ വീരസാഹസകഥകള്‍ നിരവധിയുണ്ട്‌. വിവരിക്കാന്‍ ഇടം പോരാത്തതിനാല്‍ ചില സൂചനകള്‍ മാത്രം നല്‍കി അവ വിട്ടുകളയുന്നു.
ഒരുച്ചയ്‌ക്ക്‌ എഡിറ്റോറിയല്‍ ഡസ്‌കിലിരിക്കുമ്പോള്‍ വന്ന ഫോണ്‍ പിപിയെസ്‌ എടുത്തു. ഏതോ പാര്‍ട്ടിയുടെ ജില്ലാനേതാവാണ്‌. അയാള്‍ ഉള്‍പ്പെട്ട ഒരു വാര്‍ത്ത ഇന്നത്തെ പത്രത്തില്‍ വരാത്തതിന്റെ പരിഭവം പറയുകയാണ്‌. അങ്ങനെ സംഭവിച്ചതിന്‌ എന്തൊക്കെയൊ കാരണങ്ങള്‍ പറഞ്ഞ്‌ സമാധാനിപ്പിക്കുകയാണ്‌ സാറ്‌. സാറു നുണ പറയുന്നത്‌ കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്‌. ആരു കേട്ടാലും നേരാണെന്നെ തോന്നൂ. ചാനലുകളില്ലാത്ത അക്കാലത്ത്‌ വാര്‍ത്തകള്‍ പ്രാധാന്യത്തില്‍ പത്രത്തില്‍ വരുത്തിയാണ്‌ എല്ലാവരും നേതാക്കളായിരുന്നത്‌. ഇന്നത്തെ മന്ത്രിമാരെല്ലാം യുവജനനേതാവായിരുന്നപ്പോള്‍ വാര്‍ത്തയുമായി പത്രങ്ങളില്‍ കയറിയിറങ്ങി നടന്നവരാണ്‌. ഫോണ്‍ വിളിച്ച ഛോട്ടാനേതാവിനോട്‌ എത്ര പറഞ്ഞിട്ടും അവന്റെ പരിഭവം തീരുന്നില്ല. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ സ്‌കറിയാസാറിനു ദേഷ്യം വന്നു. ശബ്‌ദത്തിന്റെ ടോണൊന്നു മാറ്റി.
`നിന്റെ വാര്‍ത്ത കൊടുക്കാന്‍ എനിക്കു മനസ്സില്ലായിരുന്നു. വയ്‌ക്കടാ ഫോണ്‍!' അതിനൊടൊപ്പം രണ്ടു മുട്ടന്‍ തെറിയും ഫോണ്‍ താഴെയിടലും കഴിഞ്ഞു.
സാറിന്റെ വീടുപണി നടക്കുന്ന സമയം കുറച്ചു പണം എന്നോടു കടം ചോദിച്ചു. ഞാന്‍ 15 ശതമാനത്തിനു ബാങ്കിലിട്ടിരിക്കുന്ന പണം 17 ശതമാനത്തിനു ലോണെടുത്തു സാറിനു കൊടുക്കണം. സാര്‍ രണ്ടുമാസത്തിനകം 36 ശതമാനം പലിശ സഹിതം തിരിച്ചു തരുമെന്നാണ്‌ വാക്കാല്‍ കരാര്‍. ഇതു കേട്ട പലരും പറഞ്ഞു: കാശു കൊടുത്താല്‍ ഗോപി വരച്ചെന്ന്‌! ഞാനപ്പോള്‍ ജോലി കിട്ടി വന്നു, ജീവിതത്തില്‍ കള്ളത്തരങ്ങളൊക്കെ പഠിച്ചു വരുന്നതേയുള്ളൂ. സാറിന്റെ ബുദ്ധിമുട്ടുകളൊക്കെ കണ്ണീര്‍ഫീച്ചറുപോലെ അവതരിപ്പിച്ച്‌ എന്നെ വല്ലാതാക്കി. അവസാനം ഞാന്‍ വഴങ്ങി. പണം കൊടുത്തു പിറ്റേന്നു ഊണു കഴിഞ്ഞു വിശ്രമിക്കുന്ന സമയം സാറെന്നോടു പറഞ്ഞു:
`നിയെന്തു മണ്ടനാടാ. നിന്നെ മാനിപ്പുലേറ്റു ചെയ്‌തു പറ്റിച്ചു കാശു ഞാനടിച്ചെടുത്തില്ലേ'
അതു കേട്ടപ്പോള്‍ ദേഷ്യമോ പേടിയോയല്ല, എനിക്കു ചിരിയാണു വന്നത്‌. പറഞ്ഞ സമയം കഴിഞ്ഞിട്ടാണേലും സാര്‍ 36ശതമാനം പലിശ സഹിതം പണം തന്നു. എന്നിട്ടു കരയാന്‍ തുടങ്ങി:
`നിയെന്തു ക്രൂരനാടാ. ആരെങ്കിലും 36 ശതമാനം പലിശ മേടിക്കുമോ... വഞ്ചകാ !'
വീണ്ടും എന്നെ മാനിപ്പുലേറ്റു ചെയ്‌ത്‌ പകുതിപ്പലിശ തിരിച്ചു മേടിച്ചു. അതാണ്‌ പിപിയെസ്‌ എന്ന രസികന്‍.
എണ്‍പതുകളില്‍ തൃശൂര്‍ ദീപികയുടെ സാരഥിയായിരുന്നപ്പോള്‍ അവിടത്തെ തൊഴില്‍ പ്രശ്‌നത്തിന്റെ പേരില്‍ സ്‌കറിയാസാര്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ഒന്നാം നമ്പര്‍ ശത്രുവായിരുന്നു. രണ്ടുകൊല്ലത്തിനകം ആ യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ആണ്‌ സാറതിനു പകരം വീട്ടിയത്‌. ആ ചാണക്യതന്ത്രത്തിന്റെ മികവറിയാന്‍ ഇതു ധാരാളം മതി.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ മികവു തെളിയിച്ചു പാലാ സെന്റ്‌ തോമസ്‌കോളജ്‌ ചെയര്‍മാനായ സാറിന്റെ പ്രവര്‍ത്തനമേഖല രാഷ്‌ട്രീയമായിരുന്നെങ്കില്‍ കുറഞ്ഞതൊരു മന്ത്രിയെങ്കിലും ആകുമെന്നകാര്യം ഉറപ്പ്‌. മുന്‍മന്ത്രി ലോനപ്പന്‍ നമ്പാടനെ നേതാവാക്കി മാറ്റിയതിലും പിപിയെസിനൊരു നിര്‍ണായക പങ്കുണ്ട.്‌
ചെറുപ്പത്തില്‍ അസ്സലായി വോളിബോള്‍ കളിച്ചു നടന്നപപ്പന്റെയും ജിമ്മിജോര്‍ജിന്റെയും നാട്ടുകാരനായ സാര്‍ എന്തുകൊണ്ടൊരു സംസ്ഥാന, ദേശീയ വോളിബോള്‍ താരം പോലുമായില്ലാ എന്നത്‌ രസികനായ പിപിഎസ്‌ തന്നെ പറയുന്നതു കേള്‍ക്കണോ!
മലയോര കുഗ്രാമത്തില്‍ നിന്ന്‌ പാലായില്‍ വന്നു ലോഡ്‌ജിലും ഹോസ്റ്റലിലും താമസിച്ചാണ്‌ പഠിച്ചിരുന്നത്‌. കൂട്ടുകാര്‍ കൂടി വോളിബോള്‍ കളിക്കുമ്പോള്‍ സാറിന്റെ സ്ഥാനം എപ്പോഴും ഡിഫന്‍സില്‍ ഏറ്റവും പുറകിലാണ്‌. പന്തു തട്ടിവിടുമെന്നല്ലാതെ ഓട്ടത്തിനും ചാട്ടത്തിനുമൊന്നും പിപിയെസിനെ കിട്ടില്ല. ഉയര്‍ന്നു ചാടി സ്‌മാഷ്‌ ചെയ്യാനും ചാടി തടുക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ലാ, ആരോഗ്യമില്ലാഞ്ഞിട്ടുമല്ല. എന്തു ചെയ്യാം! പാവത്തിന്‌ അന്നൊരു അണ്ടര്‍വെയറില്ലായിരുന്നു. പിന്നെയെങ്ങനെ വലിയ കളിക്കാരനാകും?
ഈ കഥയിലെ സത്യാവസ്ഥയില്‍ സംശയം തോന്നി ഞാനോരന്വേഷണം നടത്തി. അന്നത്തെ മെച്ചപ്പെട്ട ധാര്‍മീക മൂല്യബോധം കൊണ്ടോ, ശീലം കൊണ്ടോ, സാമ്പത്തിക മാന്ദ്യം കൊണ്ടോ എന്തോ അന്നു ഹോസ്റ്റലില്‍ താമസിക്കുന്ന ഉഴപ്പന്മാരില്‍ 90 ശതമാനവും അതൊന്നും ഉപയോഗിക്കാറില്ലെന്ന്‌ സാഹചര്യതെളിവുകളില്‍ നിന്നെനിക്ക്‌ ബോധ്യപ്പെട്ടു.
മലയാളി പെണ്‍കുട്ടികള്‍ സുന്ദരിമാരാണെന്നു പറയാറുണ്ട്‌. ചില മുന്‍ ലോകസുന്ദരിയുടെ അമ്മൂമ്മ മലയാളിയാണ്‌, അല്ലെങ്കില്‍ അമ്മാവന്‍ പണ്ട്‌ ശബരിമലയില്‍ വന്നിട്ടുണ്ട്‌ എന്ന മട്ടില്‍ വകയിലൊരു മലയാളി ബന്ധം നമ്മള്‍ സ്ഥാപിച്ചെടുത്തിട്ടുണ്ട്‌. എങ്കിലും ഔദ്യോഗികമായി പൂര്‍ണ്ണ മലയാളിക്ക്‌ ഒരംഗീകാരം കിട്ടുന്നത്‌ ഈയിടെ പാര്‍വതി ഓമനക്കുട്ടന്‍ ലോകസുന്ദരി മത്സരത്തില്‍ രണ്ടാമതെത്തിയതോടെയാണ്‌.
റിയാലിറ്റി ഷോകളിലെ തമ്മില്‍ത്തല്ലുപോലെ മത്സരം കഴിഞ്ഞപ്പോള്‍ ജഡ്‌ജ്‌മെന്റു ശരിയല്ല, ഒന്നാം സമ്മാനം എനിക്കായിരുന്നു എന്നമട്ടിലൊരു പരിഭവവും കേട്ടു. പേഴ്‌സണാലിറ്റി, നടപ്പ്‌, എടുപ്പ്‌, ചിരി, തൊലി, തൊലിക്കട്ടി, മുഖകാന്തി, സംസാരം എന്നപോലെ എളിമയും ക്ഷമയുമെല്ലാം സൗന്ദര്യനിര്‍ണ്ണയ ഘടകത്തില്‍ പെടുത്തേണ്ടതാണ്‌, പ്രത്യേകിച്ച്‌ ഭാരത പെണ്‍കൊടികള്‍ക്ക്‌.

Thursday, January 22, 2009

ബലഹീനന്റെ ശക്തിപ്രകടനം

സ്വയരക്ഷയ്‌ക്കും ആഹാരത്തിനും വേണ്ടിയല്ലാതെ ഒരു വന്യമൃഗവും ആരേയും ആക്രമിക്കില്ല. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ ഇത്രയും നല്ല സ്വഭാവമുള്ളവരെ കണ്ടെത്തുക ദുഷ്‌കരമാണ്‌. മനുഷ്യര്‍ പൊതുവെ കാടന്മാരാണ്‌. കാട്ടുമനുഷ്യര്‍ മൃഗങ്ങളെപ്പോലെ അല്‌പം മനുഷ്യപ്പറ്റു കാണിച്ചേക്കുമെങ്കിലും അറിവും വിദ്യാഭ്യാസവും നേടും തോറും അവര്‍ക്ക്‌ ക്രൂരത കൂടിവരും. എല്ലാം കൈപ്പിടിയില്‍ ഒതുക്കാനും എല്ലാവരേയും കാല്‍ക്കീഴിലാക്കാനും ഓരോ മനുഷ്യജീവിയും ഉള്ളില്‍ കൊതിക്കുന്നുണ്ട്‌. പണ്ട്‌ ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച്‌ കോളനി സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട യൂറോപ്യന്‍ ധ്വരയുടെ മനസ്സിലും നമ്മുടെ നാട്ടിലെ അമ്മായിയമ്മ- മരുമകള്‍ പോരിനുള്ളില്‍ വരെയും ഈ കൊതിയാണ്‌. ബലഹീനരെ ശക്തിയും ബുദ്ധിയുമുപയോഗിച്ച്‌ അടിമകളാക്കി നിലനിര്‍ത്തിയ ശക്തിപ്രകടനങ്ങളുടെ കഥകള്‍ മാത്രമാണ്‌ നൂറ്റാണ്ടുകളായി തുടരുന്ന മനുഷ്യചരിത്രം.
അധികാരവും പണവും ഉപയോഗിച്ച്‌ വന്‍തോതില്‍ നാടു കൊള്ളയടിക്കുന്ന മാഫിയകളുടെ ശക്തിപ്രകടനങ്ങളേക്കുറിച്ച്‌ ഇവിടെ ഞാനൊന്നും പറയുന്നില്ല. അവനോടൊക്കെ ദൈവം ചോദിക്കട്ടെ. ബലഹീനര്‍ക്കും ശക്തിപ്രകടനങ്ങള്‍ക്കവസരമുണ്ട്‌, അവരാണിന്ന്‌ നമ്മുടെ അതിഥികള്‍.







അടുത്തിടയായി കേരളത്തില്‍ കണ്ടുവരുന്ന ഹര്‍ത്താല്‍ ഇത്തരക്കാരുടെ ഒരു വിനോദപ്രകടനമാണ്‌. ഏതോ ഗുഹയിലിരുന്ന്‌ ഒരു ഉണക്കനേതാവ്‌ ഒന്ന്‌ ആഹ്വാനം ചെയ്യും, അയാളുടെ ഡൂക്കിലി അണി അത്‌ വാര്‍ത്തയാക്കി പത്രമോഫീസിലെത്തിക്കുന്നതോടെ പകുതി പണി പൂര്‍ത്തിയായി. നാളെ ഹര്‍ത്താല്‍ എന്നു കേള്‍ക്കുന്നതോടെ കേരളിയര്‍ സന്തോഷത്തോടെ കടയടച്ച്‌ വണ്ടി ഒതുക്കിയിട്ട്‌ പുരയ്‌ക്കകത്തു കയറി ടിവി കണ്ടിരുന്നോളും. അങ്ങനെ ഹര്‍ത്താല്‍ വിജയിക്കുന്നതോടെ ഉണക്ക നേതാവും അതിയാന്റെ സംഘടനയും പച്ച പിടിക്കുന്നു.

കേരള രാഷ്‌ട്രീയത്തില്‍ നോക്കിയാലും നമുക്കു കാണാം, ഈര്‍ക്കിലി പാര്‍ട്ടികളാണ്‌ വമ്പന്‍ റാലികളും ശക്തിപ്രകടനങ്ങളും സംഘടിപ്പിക്കാന്‍ കേമന്മാരെന്ന്‌. ആ റാലികളുടെ ബലത്തിലാണ്‌ അവര്‍ മുന്നണിയില്‍ പിടിച്ചുനില്‍ക്കുന്നതും വിലപേശുന്നതും. നാട്ടില്‍ പത്തുമുപ്പതു ശതമാനം വോട്ടുള്ള കോണ്‍ഗ്രസ്‌ പാര്‍ട്ടി വിചാരിച്ചാല്‍ നല്ലൊരു പ്രകടനം നടത്താനാവില്ല. എന്നാല്‍ ഒരുശതമാനം വോട്ടുള്ള കെ മുരളീധരന്‍ (വസൂരിയുടെ പുണ്യവാന്‍ വി.സെബസ്‌ത്യാനോസ്‌ എന്നു പറയുമ്പോലെ റാലിയുടെ പുണ്യവാനാണ്‌ മുരളി)ഇറങ്ങിയാല്‍ വെടിക്കെട്ട്‌ റാലികള്‍ എത്ര വേണമെങ്കിലും റെഡി. വിവാഹസല്‍ക്കാരപാര്‍ട്ടികള്‍ നടത്തിക്കൊടുക്കുന്നതുപോലെ ആയിരം പേരുടെ ജാഥയ്‌ക്കിത്ര തുക എന്ന മട്ടില്‍ റാലിക്ക്‌ ആളെ കൊടുക്കുന്ന കരാറുകാരും ഉണ്ടെന്നാണ്‌ കേള്‍വി. കേരളാകോണ്‍ഗ്രസ്‌ ഒരു വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനം പണ്ടൊരിക്കല്‍ കോട്ടയത്തു നടന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത ആ പടുകൂറ്റന്‍ പ്രകടനത്തില്‍ ആയിരങ്ങള്‍ ആവേശപൂര്‍വ്വം മുദ്രാവാക്യം വിളിച്ചത്‌ തമിഴിലാണ്‌. തലൈവര്‍ വാഴ്‌ക എന്ന്‌ കൂവി വിളിച്ചു നടന്ന ആ തമിഴ്‌കഴുതകള്‍ക്ക്‌ ഇതേതുപാര്‍ട്ടി?, നേതാവാര്‌? എന്നൊന്നുമറിയാത്തതില്‍ അത്ഭുതമില്ല. നാട്ടില്‍ ആളെ കിട്ടാതെ വന്നപ്പോള്‍ കരാറുകാരന്‍ എമര്‍ജന്‍സി ക്വോട്ടയില്‍ ആ പാവങ്ങളെ തമിഴ്‌നാട്ടില്‍ നിന്നിറക്കുമതി ചെയ്‌തതാണ്‌.







ഇല്ലാത്ത മേനി നടിക്കല്‍ രാഷ്‌ട്രീയത്തില്‍ മാത്രമല്ല, നിത്യജീവിതത്തിലും നമുക്കെന്നും വേണ്ടിവരുന്നതാണ്‌. നാട്ടിലെ ആഘോഷങ്ങളെല്ലാം മേനി നടിക്കാനുള്ള ശക്തിപ്രകടനങ്ങളാണല്ലോ! കല്യാണം, ശവമടക്ക്‌, മാമോദീസ, സഞ്ചയനം, അനുസ്‌മരണം... ചടങ്ങ്‌ എന്തായാലും അതിന്റെ പേരില്‍ അഞ്ചുമിനിട്ട്‌ റോഡ്‌ ബ്ലോക്കായാല്‍ പോലും അതും ഒരന്തസാണ്‌. ബ്ലോക്ക്‌ കൂടുന്തോറും ചടങ്ങിന്റെ എടുപ്പും കൂടും.

രാഷ്‌ട്രീയക്കാരന്‌ റാലി എന്നതുപോലാണ്‌ സാധാരണ പൗരന്‌ അവന്റെ കുടുംബത്തിലെ വിവാഹച്ചടങ്ങ്‌. ശക്തി പ്രകടിപ്പിക്കാനുള്ള നിരവധി ഇനങ്ങള്‍ അതിലുണ്ട്‌ എന്നതാണതിനു കാരണം. കല്യാണക്കുറിയുടെ വലുപ്പം മുതല്‍ തുടങ്ങാം. പിന്നെ അതിഥികളുടെ എണ്ണവും അവരുടെ പത്രാസും, വണ്ടികളുടെ ബഹളം, സദ്യയുടെ കൊഴുപ്പ്‌, പാട്ട്‌, ഡാന്‍സ്‌, വെടിക്കെട്ട്‌ തുടങ്ങി എന്തെല്ലാം വകുപ്പുകളാണ്‌ ശക്തിമത്സരത്തിനായി അവിടെ അവസരമൊരുക്കുന്നത്‌. വിവാഹച്ചടങ്ങുകളിലെ മറ്റൊരു ആകര്‍ഷണം വസ്‌ത്രധാരണമാണ്‌. വധൂവരന്മാരുടെ വേഷവിധാനം എന്തായാലും നമുക്കു സഹിക്കാം, കാരണം അവരാണ്‌ അന്നത്തെ പ്രധാന താരങ്ങള്‍. പക്ഷേ വേഷം തെരഞ്ഞെടുക്കുമ്പോള്‍ അല്‌പം ശ്രദ്ധയുണ്ടാവുന്നത്‌ നല്ലതാണ്‌. പണ്ടൊരിക്കല്‍ എറണാകുളത്തൊരു മനഃസമ്മതച്ചടങ്ങില്‍ കണ്ട വരന്റെ വേഷം എനിക്കു നന്നായി ഇഷ്‌ടപ്പെട്ടു. കഴുത്തില്ലാത്ത ഓവര്‍ കോട്ടും കുര്‍ത്തയും. ഒരു ഉത്തരേന്ത്യന്‍ സ്റ്റൈല്‍. ആളങ്ങനെ കുറച്ചു നേരം ചെത്തി നടന്നെങ്കിലും ഭക്ഷണത്തിനായി സ്റ്റാര്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ്‌ പ്രശ്‌നം! വരനെ പിന്നെ കാണാനേയില്ല. വരന്റെ അതേ ഡ്രസില്‍ 25 സപ്ലൈയര്‍മാര്‍ തവിയുമായി ആക്‌ഷന്‍ തുടങ്ങാനുള്ള സിഗ്നലിന്‌ ചെവിയോര്‍ത്ത്‌ നില്‍ക്കുന്നു.
വധുവിന്‌ ഭീഷണി ചടങ്ങിനു പങ്കെടുക്കാനെത്തുന്ന മറ്റു സ്‌ത്രീകളാണ്‌. ഡാവണിപ്പരുവം മുതല്‍ തൊണ്ണൂറിലെത്തിയ വല്യമ്മമാര്‍ വരെ കസവില്‍ പൊതിഞ്ഞ്‌ അരക്കിലോ സ്വര്‍ണ്ണവും തൂക്കിയാണ്‌ മത്സരത്തിനിറങ്ങുന്നത്‌. മൂത്തുനരച്ച്‌ കുട്ടിയാന രൂപത്തിലുള്ള ചിലര്‍ക്ക്‌ ഷുഗറുമൂലം ഒന്നും കഴിക്കാനും വയ്യ, തടിയും നടുവേദനയും മൂലം അനങ്ങാനും വയ്യ. എങ്കിലും ആ കസവുസ്വര്‍ണ്ണ ഉരുപ്പടിയെ തേരു വലിക്കുന്നതുപോലെ പാപ്പാന്മാര്‍ പന്തലിലൂടെ കൊണ്ടു നടന്നോളും. കോട്ടണ്‍ സാരിയും അത്യാവശ്യത്തിനൊരു ചെറിയ മാലയുമിട്ട്‌ മോഡസ്റ്റായി ഒരുങ്ങി കല്യാണത്തിനു പോകരുതോ എന്നാണ്‌ എനിക്ക്‌ ചോദിക്കാനുള്ളത്‌. ഓരോ ചടങ്ങിനും ഓരോന്ന്‌ പറഞ്ഞിട്ടുണ്ടെന്നാണ്‌ എന്റെ ഭാര്യ ഉള്‍പ്പടെ സ്‌ത്രീകള്‍ക്ക്‌ പറയാനുള്ളത്‌.

അടുത്തിടെ ഒരു ശവമടക്കിനും തുടര്‍ന്നൊരു കല്യാണത്തിനും പങ്കെടുക്കേണ്ടതായി വന്നു. രാവിലെ പത്തുമണിക്ക്‌ ചങ്ങനാശ്ശേരിയില്‍ ശവമടക്കില്‍ സംബന്ധിച്ച്‌ 12 മണിയോടെ കല്യാണത്തിനായി പത്തനംതിട്ടയില്‍ എത്തണം. അപ്പോള്‍ നമ്മളെങ്ങനെ ഡ്രസ്‌ ചെയ്യും? ശവമടക്കിനു മാച്ചു ചെയ്യുന്നതോ, കല്യാണത്തിനിണങ്ങുന്നതോ? ഭാര്യക്കാകെ കണ്‍ഫ്യൂഷനായി. നമുക്ക്‌ സ്വന്തമായി ഒരു ഡ്രസ്‌ കോഡുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടാകുമോ! ഇതെങ്കിലും നാം രാഷ്‌ട്രീയക്കാരില്‍ നിന്നു കണ്ടുപഠിക്കണം. കല്യാണമായാലും, ശവമടക്കായാലും, പൊതുയോഗമായാലും, സ്‌ത്രീപീഡനമായാലും അവര്‍ക്കെന്നും ഒരേ ഡ്രസ്‌. ഓരോ മൂഡ്‌!

രാഷ്‌ട്രീയക്കാരുടെ കല്യാണങ്ങളില്‍ വി.ഐ.പി അതിഥികളുടെ വന്‍ ശക്തിപ്രകടനമുണ്ടാവുമെങ്കിലും ആദര്‍ശബുദ്ധിയുള്ളവര്‍ സല്‍ക്കാരം ചായയും ബിസ്‌ക്കറ്റിലുമൊതുക്കും.കല്യാണാഘോഷങ്ങളില്‍ പതിവായി ശക്തിപ്രകടനം നടത്തുന്ന മറ്റൊരു വിഭാഗമാണ്‌ ഫോട്ടോഗ്രാഫര്‍മാര്‍. ഡയാനാ രാജകുമാരിക്കു പിന്നില്‍ വട്ടമിട്ടുനടന്നു ശല്യം ചെയ്‌ത പാപ്പരാസികളുടെ നാടന്‍ ഇനം. അവര്‍ വിവാഹച്ചടങ്ങു തുടങ്ങുന്നതോടെ സെഡ്‌ കാറ്റഗറിയിലുള്ള നേതാക്കളെ ബ്ലാക്ക്‌ ക്യാറ്റ്‌സ്‌ വളഞ്ഞു നില്‍ക്കുന്നതുപോലെ വധൂവരന്മാരേയും പുരോഹിതനേയും(അല്ലെങ്കില്‍ പൂജാരി) വളഞ്ഞു നില്‍ക്കും. കല്യാണത്തിനു ക്ഷണിച്ചു വന്നവര്‍ക്ക്‌ പിന്നെ താളത്തില്‍ തുള്ളുന്ന ഈ ഫോട്ടോഗ്രാഫ പൃഷ്‌ടങ്ങള്‍ കണ്ട്‌ സായൂജ്യമടയാമെന്നല്ലാതെ അതിനുള്ളില്‍ എന്തു നടക്കുന്നു എന്നറിയാന്‍ യാതൊരു നിര്‍വാഹവുമില്ല. അറിഞ്ഞേ തീരൂ എന്നുണ്ടെങ്കില്‍ അല്‌പം ക്ഷമിക്കണം. കല്യാണം കഴിഞ്ഞ്‌ അവരതിന്റെ സിഡിയും ആല്‍ബവും തരുമ്പോള്‍ പരിശോധിക്കാന്‍ വേണ്ടത്ര സാവകാശമുണ്ടാവും.

വിവാഹച്ചടങ്ങുകളുടെ നിയന്ത്രണം ശരിക്കും ഫോട്ടാഗ്രാഫര്‍ക്കാണെന്ന്‌ തോന്നിപ്പോകാറുണ്ട്‌, ക്രിസ്‌ത്യന്‍ വിവാഹങ്ങളില്‍ പ്രത്യേകിച്ചും. കഥാ,തിരക്കഥ, ആക്‌ഷന്‍ എല്ലാം അവരു പറയും. വധൂവരന്മാരും പുരോഹിതനുമെല്ലാം അതനുസരിക്കുക. പള്ളിച്ചടങ്ങു കഴിഞ്ഞാല്‍ പിന്നെ പ്രേമരംഗ ചിത്രീകരണമാണ്‌. മേക്കപ്പ്‌ കിറ്റുമായി ബന്ധുക്കള്‍ക്ക്‌ വേണേല്‍ കൂടെ വരാം. ക്യാമറാമാന്‍ പ്രിയദര്‍ശന്‍, ലോഹിതദാസ്‌ സ്റ്റൈലിലാകുന്നതോടെ ചെറുക്കനും പെണ്ണും അഭിനയത്തിലൂടെ നസീറും ഷീലയുമായി മാറും. എഡിറ്റു ചെയ്യുമ്പോള്‍ ഇഷ്‌ടമല്ലെടാ.. എനിക്കിഷ്‌ടമല്ലെടാ... എന്ന സിനിമാഗാനം കൂടി ചേര്‍ത്ത്‌ ആ സീന്‍ മനോഹരമാക്കും.

ഫോട്ടോസെഷനുവേണ്ടി സമയമെത്ര വൈകിയാലും കല്യാണം കൂടാന്‍ വന്ന സാധുക്കള്‍, മന്ത്രി സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ കൊഞ്ഞാണന്മാര്‍ തല്‍ക്കാലം സഹിച്ചോളും. പട്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ കടന്നതുപോലെ കാഴ്‌ചകള്‍ കണ്ട്‌ പരുങ്ങി നടക്കും. ആരേയും കൊതിപ്പിക്കുന്ന വിഭവസമൃദ്ധമായ സദ്യ വിളമ്പി ഹാളിലൊരുക്കി വച്ചിരിക്കുന്നത്‌ കണ്ട്‌ വെള്ളമിറക്കും. ഷൂട്ടിംഗ്‌ കഴിഞ്ഞ്‌ കല്യാണതാരങ്ങളെത്തിയാലെ ഹാളൊന്നു തുറന്നു കിട്ടൂ. ഇനി തുറന്നാലോ? മണിക്കൂറുകളായി വെയിലും വിശപ്പു സഹിച്ചു നില്‍ക്കുന്നവന്‌ സാമാന്യം നല്ലൊരു ഇടികൂടി നടത്തിയാലേ അകത്തു കയറാനാകൂ. പതിവായി ട്രാന്‍സ്‌പോര്‍ട്ട്‌ ബസില്‍ കയറുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ ഒരുപക്ഷേ അവര്‍ക്ക്‌ കസേര കിട്ടാം. ബാക്കിയുള്ളവര്‍ ബുഫേ തുടങ്ങിയ പാരമ്പര്യേതര തീറ്റ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടി വരും. എന്നാലും സാരമില്ല. ഇനിയാണല്ലോ പാവപ്പെട്ടവന്റെ ശക്തിപ്രകടനം തുടങ്ങുന്നത്‌. എല്ലാവരോടും പകയോടെ എന്ന ഭാവത്തിലാണ്‌ പ്ലേറ്റ്‌ എടുക്കുക. സോമാലിയക്കാരന്റെ ആര്‍ത്തിയോടെ ചിക്കണും ബീഫും ഫ്രൈഡ്‌റൈസും കോരിയിടും. ചിക്കണ്‍ കാലില്‍ ഒരു കടികടിച്ചിട്ട്‌ വലിച്ചെറിഞ്ഞ്‌ അടുത്ത കാലില്‍ പിടിക്കുന്നതു കാണുമ്പോള്‍ ധനാഢ്യനായ അറബിയുടെ ധാരാളിത്തമാണ്‌ നാം കാണുക. കുറെ വെട്ടി വിഴുങ്ങുക ബാക്കി മുടിപ്പിക്കുക ഏതാണ്ട്‌ മൂന്നാര്‍ദൗത്യസേനയുടെ ഇടിച്ചുനിരത്തല്‍ പോലെയാണ്‌ സദ്യക്കുവരുന്നവരുടെ പൊന്നുമനസ്സ്‌. ഇതെല്ലാം പോകുന്നത്‌ നമ്മുടെ സ്വന്തം വയറിലേക്കാണെന്ന പരിഗണനപോലും അപ്പോഴുണ്ടാവില്ല.

സ്‌ത്രീകളെ ശക്തിപ്രകടനത്തിനു സജ്ജരാക്കുന്നത്‌ ജൗളി, സ്വര്‍ണ്ണക്കടകളാണന്നറിയാമല്ലോ. പുരുഷന്മാര്‍ക്ക്‌ ഇക്കാര്യത്തില്‍ സഹായമേകാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്ന വിശ്വസ്‌ത സ്ഥാപനങ്ങള്‍ ബിവറേജസ്‌, സിവില്‍ സപ്ലൈസ്‌ തുടങ്ങിയ സര്‍ക്കാര്‍ വക കോര്‍പ്പറേഷനുകളാണ്‌. ഏതു വിലയ്‌ക്കും വ്യാജനും ഒറിജിനലും സുലഭം. പിന്നെയിനി വൈകിട്ടെന്താണ്‌ പരിപാടി? ദുഃഖത്തിലും സന്തോഷത്തിലും നിര്‍വികാരതയിലും ഏകാന്തതയുടെ അപാരതീരത്തും ആള്‍ക്കൂട്ടത്തിലും നിങ്ങള്‍ക്ക്‌ ശക്തിപ്രകടിപ്പിക്കാം. ഒരു വല്യവീട്ടിലെ കൊച്ചമ്മയുടേയും ഭര്‍ത്താവിന്റേയും കഥ കേള്‍ക്കണോ? അഹംഭാവവും പത്രാസുമുള്ള കൊച്ചമ്മ ഭൃത്യനോടെന്നപോലെയാണ്‌ ഭര്‍ത്താവിനോട്‌ പെരുമാറിയിരുന്നത്‌. കോംപ്ലക്‌സുള്ള അയാള്‍ അതെല്ലാം സഹിച്ചു നില്‍ക്കും. രാത്രിയായാല്‍ അയാള്‍ പട്ടക്കട നിരങ്ങി പാതിരാത്രിക്കു കയറിവരും ഭാര്യയെ വിളിച്ചെഴുന്നേല്‌പിച്ച്‌ കെട്ടുവിടുന്നതുവരെ കൊടുങ്ങല്ലൂര്‍ ഭരണി തോല്‍ക്കുന്ന പ്രകടനമാണ്‌. മാനഹാനിയും മര്‍ദ്ദനവും ഭയന്ന്‌ ഭാര്യ അതു സഹിക്കും. അങ്ങനെ അവര്‍ പകലും രാത്രിയും മാറിമാറി ശക്തി പ്രകടിപ്പിച്ച്‌ സമനിലയില്‍ കഴിഞ്ഞു പോന്നിരുന്നു. എപ്പോഴും എവിടെയും തോറ്റുതൊപ്പിയിടുന്ന ദരിദ്രരും നിസ്സാരരുമായ പാവങ്ങള്‍ക്ക്‌ പടവാളായി ശക്തി തെളിയിക്കാന്‍ (പടവാളുവയ്‌ക്കാന്‍)ഇവനില്ലായിരുന്നെങ്കില്‍ എന്തായിരുന്നേനേ കഥ.