Friday, March 20, 2009

സുന്ദരികളും കുറെ സുന്ദരന്മാരും


സുഹൃത്തൊരുത്തന്‍ പ്രേമിച്ചു കെട്ടിയപ്പോള്‍ ആ പെണ്ണിനെ കാണാന്‍ എനിക്ക്‌ വലിയ ആകാംക്ഷയായിരുന്നു. എന്റെ അന്നത്തെ തോന്നല്‍ അനുസരിച്ച്‌ ഒരുത്തന്‍ പ്രേമിക്കണമെങ്കില്‍ അവള്‍ റീത്താ ഫാരിയയേപ്പോലെ ഒരു ലോകസുന്ദരിയായിരിക്കണം. (ഐശ്വര്യാറായിയുടെ പേര്‌ ഇവിടെ പറയാത്തതോര്‍ത്ത്‌ അഭിഷേക്‌ ബച്ചന്‍ വിഷമിക്കരുത്‌. അന്ന്‌ ആ കുട്ടി ജനിച്ചിട്ടുപോലുമില്ല.) വിവാഹശേഷം സുഹൃത്തുദമ്പതികളെ അടുത്തു കണ്ടപ്പോള്‍ പെണ്‍കുട്ടിയെ എനിക്കത്രയ്‌ക്കങ്ങ്‌ ഇഷ്‌ടപ്പെട്ടില്ല. എന്റെ അന്നത്തെ കുറഞ്ഞ ലോക പരിചയവും തുറന്ന സമീപനവും ഒന്നും ഒളിച്ചു വയ്‌ക്കാത്ത നിഷ്‌കളങ്ക പ്രകൃതവും കൊണ്ട്‌ ഞാനാ വിവരം അവനോടു തുറന്നു പറഞ്ഞു:
`ഇതാണോ നീ പ്രേമിച്ച സാധനം! ഒരു ഭംഗിയുമില്ലല്ലോടാ!'
അവനതെങ്ങനെ ഫീല്‍ ചെയ്‌തു എന്നെനിക്കറിയില്ല. ഇത്തരം കാര്യങ്ങള്‍ പറഞ്ഞു തരാന്‍ അന്നു റിയാലിറ്റി ഷോയൊന്നുമില്ലല്ലോ. ഞാന്‍ കണ്ടെത്തിയ സംഗതി ഒരു ടെമ്പോയ്‌ക്കങ്ങു പറഞ്ഞു. അവന്റെ മറുപടിയും ഫന്റാസ്റ്റിക്കായിരുന്നു:
`പെണ്ണുങ്ങളും സുന്ദരന്മാരെ വേണമെന്നു വാശിപിടിച്ചാല്‍ നമുക്കു പിന്നെ പെണ്ണുകിട്ടുമോ?'
അങ്ങനെയൊരു കാര്യം ഞാനാദ്യമായിട്ടു കേള്‍ക്കുകയാണ്‌. എനിക്കാ മറുപടി ഇഷ്‌ടപ്പെട്ടു. മറ്റുള്ളവരുടെ ഭാഗത്തു നിന്നു ചിന്തിക്കാനും സ്വയം വിമര്‍ശിക്കാനുമുള്ള കഴിവ്‌ അതിനു ശേഷമാണു ഞാന്‍ സ്വായത്തമാക്കിയത്‌.
ഓരോരുത്തരുടെയും സൗന്ദര്യ സങ്കല്‌പം വ്യത്യസ്‌തമാണ്‌. ഒരാള്‍ക്ക്‌ ഇഷ്‌ടമുള്ളത്‌ മറ്റൊരാള്‍ക്ക്‌ വെറുപ്പായിരിക്കും. പതിഞ്ഞ മൂക്കുള്ള ചൈനാക്കാര്‍ക്ക്‌ നീണ്ട മൂക്കുള്ള ഇറാന്‍ കാരോടു സഹതാപമല്ലേ തോന്നുക! ചുരുണ്ട മുടി, കോലന്‍ മുടി, പൂച്ചക്കണ്ണ്‌ ഇതെല്ലാം ചിലര്‍ സൗന്ദര്യലക്ഷണമായും മറ്റുചിലര്‍ സൗന്ദര്യത്തിനു മാറ്റു കുറയ്‌ക്കുന്ന ഇനമായും കരുതുന്നു. ഓരോ ഇഷ്‌ടത്തിനും അനിഷ്‌ടത്തിനും കാരണങ്ങള്‍ പലതാണേലും അതെല്ലാം പരിഹരിക്കും വിധം ലോകത്ത്‌ എല്ലാവര്‍ക്കും അവരവര്‍ക്കിണങ്ങിയ ഇണകള്‍ റെഡിയായിട്ടുണ്ടെന്നതാണ്‌ സത്യം.
പതിനാറും പതിനേഴുമൊക്കെ മധുരമുള്ള പ്രായമെന്നു പറയുമെങ്കിലും സൗന്ദര്യം ഏതവസ്ഥയിലുമാകാം. ഓരോ പ്രായത്തിനും ഓരോ സൗന്ദര്യം. കൊച്ചുകുട്ടികളുടെ ഓമനത്തം എന്തു രസമാണ്‌! സൗന്ദര്യം ജ്വലിച്ചു നില്‍ക്കുന്ന കാലം യുവത്വമാണ്‌. അതുപോലെ തന്നെ പ്രൗഢമായ വാര്‍ധക്യവുമുണ്ട്‌. മദര്‍ തെരസയുടെ ചുളിവുള്ള മുഖത്തിനു എന്തൊരു കലയാണ്‌!
കോളജില്‍ പഠിക്കുന്ന കാലത്ത്‌ ബൈക്കില്‍ നിന്നു വീണു കാലൊടിഞ്ഞ്‌ ക്രച്ചസില്‍ ക്ലാസില്‍ വന്ന ഒരു പഹയന്‌ എന്തായിരുന്നു ഗ്ലാമര്‍! പെണ്‍കുട്ടികള്‍ക്ക്‌ അവനോട്‌ സിമ്പതിയാണോ വീരാരാധനയാണോ ഉണ്ടായിരുന്നതെന്ന്‌ നിശ്ചയം പോരാ. അന്ന്‌ എന്നെയും ഒരു വികലാംഗനാക്കണേ എന്നു ഞാനും പ്രാര്‍ത്ഥിച്ചുപോയി.
കാര്‍ട്ടൂണ്‍വര ശീലമാക്കിയതോടെയാണ്‌ അധ്യാപകര്‍, കുട്ടികള്‍. വഴിപോക്കര്‍, പോര്‍ട്ടര്‍മാര്‍, രാഷ്‌ട്രീയക്കാര്‍, ചട്ടമ്പികള്‍, പകല്‍മാന്യന്മാര്‍, വെള്ളക്കാര്‍, വെള്ളമടിക്കാര്‍ തുടങ്ങി എല്ലാത്തരം അല്‍ക്കുല്‍ത്തുകളെയും ഞാന്‍ ശരിക്കും നിരീക്ഷിക്കാന്‍ തുടങ്ങിയത്‌. അതോടെ ലോകത്തുള്ള സകലരും സുന്ദരികളും സുന്ദരന്മാരുമാണെന്ന കാര്യം എനിക്കു ബോധ്യപ്പെട്ടു. പൊതുവെ ബോറന്മാരെന്നു കരുതുന്ന പിച്ചക്കാരില്‍ പോലും നല്ല സുന്ദരക്കുട്ടപ്പന്മാരെ ഞാന്‍ കണ്ടിട്ടുണ്ട്‌.
അമിതാഭ്‌ ബച്ചന്റെ പൊക്കത്തിനും പൊക്കമില്ലായ്‌മയാണെന്റെ പൊക്കമെന്നു പറഞ്ഞ കുഞ്ഞുണ്ണിയുടെ നര്‍മ്മത്തിനും സൗന്ദര്യമുണ്ട്‌.നെപ്പോളിയന്‍, ഹിറ്റ്‌ലര്‍, ഗാവസ്‌കര്‍, സച്ചിന്‍ തുടങ്ങിയവരെല്ലാം ലിറ്റില്‍ മാസ്റ്റര്‍ മാരാണ്‌. അവരുടെ പ്രവൃത്തികള്‍ കൊണ്ടു വലുപ്പം നേടിയ ചെറിയ മനുഷ്യരാണവര്‍.നമ്മുടെ സ്വന്തം ഉണ്ടപ്പക്രുവിനു ഐശ്വര്യവും ജീവിതവും ഗിന്നസ്‌ബുക്കിലിടവും നേടിക്കൊടുത്തത്‌ ആ പൊക്കമില്ലായ്‌മയാണ്‌.
കുടവയറും കഷണ്ടിയും പുരുഷ സൗന്ദര്യമായി അത്തരക്കാര്‍ തന്നെ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്‌. കഷണ്ടിക്കു മരുന്നില്ലാത്തതും വയര്‍ കുറയ്‌ക്കാന്‍ മടിയുള്ളതുമാണ്‌ അതിനവരെ പ്രേരിപ്പിക്കുന്നത്‌. അതേ ഷെയ്‌പ്പിലുള്ള, ദേഹമനക്കാന്‍ മനസില്ലാത്ത സ്‌ത്രീകളും ഇതാണു സൗന്ദര്യമെന്നു സങ്കല്‌പിച്ച്‌ സന്തോഷമായി കഴിഞ്ഞുകൂടുന്നു. ഒത്തപൊക്കവും ശരീരവും ഉള്ള ചുരുക്കം ചിലര്‍ക്ക്‌ കുടവയറും കഷണ്ടിയും ഭംഗിയായി തോന്നാറുണ്ട്‌. അമ്പലത്തില്‍ ഉത്സവത്തിനു നെറ്റിപ്പട്ടം കെട്ടിയ ആനയെ എഴുന്നള്ളിക്കുന്നതുപോലെ പൊതുപരിപാടികളില്‍ ഇവര്‍ നില്‍ക്കുന്നത്‌ ഒരു അഴകാണ്‌. ഒരാനച്ചന്തം.
വിവാഹസല്‍ക്കാരവേളയില്‍ വധൂവരന്മാരുടെ സംഘത്തിന്റെ അന്തസുയര്‍ത്താന്‍ കോട്ടും സ്യൂട്ടുമിട്ട നല്ല പേഴ്‌സണാലിറ്റിയുള്ള അതിഥികളെ വാടകയ്‌ക്ക്‌ രാജസ്ഥാനില്‍ കിട്ടുമെന്ന്‌ വായിച്ചിട്ടുണ്ട്‌. ഞാനും അങ്ങനെയൊരു സേവനം ഒരിക്കല്‍ ഉപയോഗപ്പെടുത്തി.
എന്റെ വിവാഹം കഴിഞ്ഞു കോട്ടയത്തു താമസം തുടങ്ങിയ കാലം. ഭാര്യയുടെ ഒരു ബന്ധുവിനു പാലായില്‍ പെണ്ണുകാണാന്‍ പോകണം. അതിനായി അവന്‍ തനിയെ വീട്ടില്‍ വന്നു. പെണ്ണുകാണാന്‍ പോകുമ്പോള്‍ ഞങ്ങള്‍ ചെറുപ്പക്കാര്‍ക്കൊപ്പം ലോകപരിചയമുള്ളൊരു കാര്‍ന്നോര്‍ കൂടിയുണ്ടായാല്‍ നന്നായേനെ എന്നു തോന്നി. പക്ഷേ പെട്ടെന്ന്‌ ഒരാളെ എവിടന്നു കിട്ടാന്‍? എങ്കിലും ഞാനൊരാളെ കണ്ടെത്തി, ദീപികയിലെ സീനിയര്‍ സഹപ്രവര്‍ത്തകന്‍ പി.പി സ്‌കറിയ എന്ന സ്‌കറിയാസാര്‍.
അത്ര പ്രായക്കൂടുതലൊന്നുമില്ലെങ്കിലും എവിടെയും കൊള്ളിക്കാവുന്ന രൂപവും ഭാവവും ഇടപെടലും കൊണ്ട്‌ സാറുഏതു റോളിലും ശോഭിക്കും. പോരെങ്കില്‍ ആളൊരു പാലാക്കാരനും. സംഗതി പറഞ്ഞപ്പോള്‍ രസികനായ സാറിനും സമ്മതം. ജുബ്ബയും കഴുത്തില്‍ മുഴുത്ത സ്വര്‍ണ്ണച്ചെയിനുമിട്ടു വെളുത്തു സുന്ദരനായ നമ്മുടെ കാര്‍ന്നോര്‍ കാറിന്റെ മുന്നിലിരുന്നു ഞങ്ങളെ നയിച്ചു. പെണ്ണുവീട്ടിലും നല്ല പ്രകടനമായിരുന്നു. പക്ഷേ ഞങ്ങളുടേതല്ലാത്ത കാരണങ്ങളാല്‍ ആ കല്യാണം നടന്നില്ല എന്നതു വേറെ കാര്യം.
കൂടെ പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകരില്‍ സുന്ദര അനുഭവങ്ങള്‍ ഏറെ സമ്മാനിച്ച ഒരാളാണ്‌ പിപിയെസ്‌ എന്നുംചുരുക്കപേരില്‍ അറിയപ്പെടുന്ന സ്‌കറിയാസാര്‍. ന്യൂസ്‌ സെന്‍സും, കോമണ്‍സെന്‍സും, ഹ്യുമര്‍സെന്‍സമുള്ള പത്രക്കാരന്‍. അദ്ദേഹത്തിന്റെ വീരസാഹസകഥകള്‍ നിരവധിയുണ്ട്‌. വിവരിക്കാന്‍ ഇടം പോരാത്തതിനാല്‍ ചില സൂചനകള്‍ മാത്രം നല്‍കി അവ വിട്ടുകളയുന്നു.
ഒരുച്ചയ്‌ക്ക്‌ എഡിറ്റോറിയല്‍ ഡസ്‌കിലിരിക്കുമ്പോള്‍ വന്ന ഫോണ്‍ പിപിയെസ്‌ എടുത്തു. ഏതോ പാര്‍ട്ടിയുടെ ജില്ലാനേതാവാണ്‌. അയാള്‍ ഉള്‍പ്പെട്ട ഒരു വാര്‍ത്ത ഇന്നത്തെ പത്രത്തില്‍ വരാത്തതിന്റെ പരിഭവം പറയുകയാണ്‌. അങ്ങനെ സംഭവിച്ചതിന്‌ എന്തൊക്കെയൊ കാരണങ്ങള്‍ പറഞ്ഞ്‌ സമാധാനിപ്പിക്കുകയാണ്‌ സാറ്‌. സാറു നുണ പറയുന്നത്‌ കേള്‍ക്കാന്‍ തന്നെ നല്ല രസമാണ്‌. ആരു കേട്ടാലും നേരാണെന്നെ തോന്നൂ. ചാനലുകളില്ലാത്ത അക്കാലത്ത്‌ വാര്‍ത്തകള്‍ പ്രാധാന്യത്തില്‍ പത്രത്തില്‍ വരുത്തിയാണ്‌ എല്ലാവരും നേതാക്കളായിരുന്നത്‌. ഇന്നത്തെ മന്ത്രിമാരെല്ലാം യുവജനനേതാവായിരുന്നപ്പോള്‍ വാര്‍ത്തയുമായി പത്രങ്ങളില്‍ കയറിയിറങ്ങി നടന്നവരാണ്‌. ഫോണ്‍ വിളിച്ച ഛോട്ടാനേതാവിനോട്‌ എത്ര പറഞ്ഞിട്ടും അവന്റെ പരിഭവം തീരുന്നില്ല. അഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ സ്‌കറിയാസാറിനു ദേഷ്യം വന്നു. ശബ്‌ദത്തിന്റെ ടോണൊന്നു മാറ്റി.
`നിന്റെ വാര്‍ത്ത കൊടുക്കാന്‍ എനിക്കു മനസ്സില്ലായിരുന്നു. വയ്‌ക്കടാ ഫോണ്‍!' അതിനൊടൊപ്പം രണ്ടു മുട്ടന്‍ തെറിയും ഫോണ്‍ താഴെയിടലും കഴിഞ്ഞു.
സാറിന്റെ വീടുപണി നടക്കുന്ന സമയം കുറച്ചു പണം എന്നോടു കടം ചോദിച്ചു. ഞാന്‍ 15 ശതമാനത്തിനു ബാങ്കിലിട്ടിരിക്കുന്ന പണം 17 ശതമാനത്തിനു ലോണെടുത്തു സാറിനു കൊടുക്കണം. സാര്‍ രണ്ടുമാസത്തിനകം 36 ശതമാനം പലിശ സഹിതം തിരിച്ചു തരുമെന്നാണ്‌ വാക്കാല്‍ കരാര്‍. ഇതു കേട്ട പലരും പറഞ്ഞു: കാശു കൊടുത്താല്‍ ഗോപി വരച്ചെന്ന്‌! ഞാനപ്പോള്‍ ജോലി കിട്ടി വന്നു, ജീവിതത്തില്‍ കള്ളത്തരങ്ങളൊക്കെ പഠിച്ചു വരുന്നതേയുള്ളൂ. സാറിന്റെ ബുദ്ധിമുട്ടുകളൊക്കെ കണ്ണീര്‍ഫീച്ചറുപോലെ അവതരിപ്പിച്ച്‌ എന്നെ വല്ലാതാക്കി. അവസാനം ഞാന്‍ വഴങ്ങി. പണം കൊടുത്തു പിറ്റേന്നു ഊണു കഴിഞ്ഞു വിശ്രമിക്കുന്ന സമയം സാറെന്നോടു പറഞ്ഞു:
`നിയെന്തു മണ്ടനാടാ. നിന്നെ മാനിപ്പുലേറ്റു ചെയ്‌തു പറ്റിച്ചു കാശു ഞാനടിച്ചെടുത്തില്ലേ'
അതു കേട്ടപ്പോള്‍ ദേഷ്യമോ പേടിയോയല്ല, എനിക്കു ചിരിയാണു വന്നത്‌. പറഞ്ഞ സമയം കഴിഞ്ഞിട്ടാണേലും സാര്‍ 36ശതമാനം പലിശ സഹിതം പണം തന്നു. എന്നിട്ടു കരയാന്‍ തുടങ്ങി:
`നിയെന്തു ക്രൂരനാടാ. ആരെങ്കിലും 36 ശതമാനം പലിശ മേടിക്കുമോ... വഞ്ചകാ !'
വീണ്ടും എന്നെ മാനിപ്പുലേറ്റു ചെയ്‌ത്‌ പകുതിപ്പലിശ തിരിച്ചു മേടിച്ചു. അതാണ്‌ പിപിയെസ്‌ എന്ന രസികന്‍.
എണ്‍പതുകളില്‍ തൃശൂര്‍ ദീപികയുടെ സാരഥിയായിരുന്നപ്പോള്‍ അവിടത്തെ തൊഴില്‍ പ്രശ്‌നത്തിന്റെ പേരില്‍ സ്‌കറിയാസാര്‍ കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ ഒന്നാം നമ്പര്‍ ശത്രുവായിരുന്നു. രണ്ടുകൊല്ലത്തിനകം ആ യൂണിയന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ആണ്‌ സാറതിനു പകരം വീട്ടിയത്‌. ആ ചാണക്യതന്ത്രത്തിന്റെ മികവറിയാന്‍ ഇതു ധാരാളം മതി.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തില്‍ മികവു തെളിയിച്ചു പാലാ സെന്റ്‌ തോമസ്‌കോളജ്‌ ചെയര്‍മാനായ സാറിന്റെ പ്രവര്‍ത്തനമേഖല രാഷ്‌ട്രീയമായിരുന്നെങ്കില്‍ കുറഞ്ഞതൊരു മന്ത്രിയെങ്കിലും ആകുമെന്നകാര്യം ഉറപ്പ്‌. മുന്‍മന്ത്രി ലോനപ്പന്‍ നമ്പാടനെ നേതാവാക്കി മാറ്റിയതിലും പിപിയെസിനൊരു നിര്‍ണായക പങ്കുണ്ട.്‌
ചെറുപ്പത്തില്‍ അസ്സലായി വോളിബോള്‍ കളിച്ചു നടന്നപപ്പന്റെയും ജിമ്മിജോര്‍ജിന്റെയും നാട്ടുകാരനായ സാര്‍ എന്തുകൊണ്ടൊരു സംസ്ഥാന, ദേശീയ വോളിബോള്‍ താരം പോലുമായില്ലാ എന്നത്‌ രസികനായ പിപിഎസ്‌ തന്നെ പറയുന്നതു കേള്‍ക്കണോ!
മലയോര കുഗ്രാമത്തില്‍ നിന്ന്‌ പാലായില്‍ വന്നു ലോഡ്‌ജിലും ഹോസ്റ്റലിലും താമസിച്ചാണ്‌ പഠിച്ചിരുന്നത്‌. കൂട്ടുകാര്‍ കൂടി വോളിബോള്‍ കളിക്കുമ്പോള്‍ സാറിന്റെ സ്ഥാനം എപ്പോഴും ഡിഫന്‍സില്‍ ഏറ്റവും പുറകിലാണ്‌. പന്തു തട്ടിവിടുമെന്നല്ലാതെ ഓട്ടത്തിനും ചാട്ടത്തിനുമൊന്നും പിപിയെസിനെ കിട്ടില്ല. ഉയര്‍ന്നു ചാടി സ്‌മാഷ്‌ ചെയ്യാനും ചാടി തടുക്കാനും ആഗ്രഹമില്ലാഞ്ഞിട്ടല്ലാ, ആരോഗ്യമില്ലാഞ്ഞിട്ടുമല്ല. എന്തു ചെയ്യാം! പാവത്തിന്‌ അന്നൊരു അണ്ടര്‍വെയറില്ലായിരുന്നു. പിന്നെയെങ്ങനെ വലിയ കളിക്കാരനാകും?
ഈ കഥയിലെ സത്യാവസ്ഥയില്‍ സംശയം തോന്നി ഞാനോരന്വേഷണം നടത്തി. അന്നത്തെ മെച്ചപ്പെട്ട ധാര്‍മീക മൂല്യബോധം കൊണ്ടോ, ശീലം കൊണ്ടോ, സാമ്പത്തിക മാന്ദ്യം കൊണ്ടോ എന്തോ അന്നു ഹോസ്റ്റലില്‍ താമസിക്കുന്ന ഉഴപ്പന്മാരില്‍ 90 ശതമാനവും അതൊന്നും ഉപയോഗിക്കാറില്ലെന്ന്‌ സാഹചര്യതെളിവുകളില്‍ നിന്നെനിക്ക്‌ ബോധ്യപ്പെട്ടു.
മലയാളി പെണ്‍കുട്ടികള്‍ സുന്ദരിമാരാണെന്നു പറയാറുണ്ട്‌. ചില മുന്‍ ലോകസുന്ദരിയുടെ അമ്മൂമ്മ മലയാളിയാണ്‌, അല്ലെങ്കില്‍ അമ്മാവന്‍ പണ്ട്‌ ശബരിമലയില്‍ വന്നിട്ടുണ്ട്‌ എന്ന മട്ടില്‍ വകയിലൊരു മലയാളി ബന്ധം നമ്മള്‍ സ്ഥാപിച്ചെടുത്തിട്ടുണ്ട്‌. എങ്കിലും ഔദ്യോഗികമായി പൂര്‍ണ്ണ മലയാളിക്ക്‌ ഒരംഗീകാരം കിട്ടുന്നത്‌ ഈയിടെ പാര്‍വതി ഓമനക്കുട്ടന്‍ ലോകസുന്ദരി മത്സരത്തില്‍ രണ്ടാമതെത്തിയതോടെയാണ്‌.
റിയാലിറ്റി ഷോകളിലെ തമ്മില്‍ത്തല്ലുപോലെ മത്സരം കഴിഞ്ഞപ്പോള്‍ ജഡ്‌ജ്‌മെന്റു ശരിയല്ല, ഒന്നാം സമ്മാനം എനിക്കായിരുന്നു എന്നമട്ടിലൊരു പരിഭവവും കേട്ടു. പേഴ്‌സണാലിറ്റി, നടപ്പ്‌, എടുപ്പ്‌, ചിരി, തൊലി, തൊലിക്കട്ടി, മുഖകാന്തി, സംസാരം എന്നപോലെ എളിമയും ക്ഷമയുമെല്ലാം സൗന്ദര്യനിര്‍ണ്ണയ ഘടകത്തില്‍ പെടുത്തേണ്ടതാണ്‌, പ്രത്യേകിച്ച്‌ ഭാരത പെണ്‍കൊടികള്‍ക്ക്‌.