സ്വയരക്ഷയ്‌ക്കും ആഹാരത്തിനും വേണ്ടിയല്ലാതെ ഒരു വന്യമൃഗവും ആരേയും ആക്രമിക്കില്ല. എന്നാല്‍ മനുഷ്യര്‍ക്കിടയില്‍ ഇത്രയും നല്ല സ്വഭാവമുള്ളവരെ കണ്ടെത്തുക ദുഷ്‌കരമാണ്. മനുഷ്യര്‍ പൊതുവെ കാടന്മാരാണ്. കാട്ടുമനുഷ്യര്‍ മൃഗങ്ങളെപ്പോലെ അല്‌പം മനുഷ്യപ്പറ്റു കാണിച്ചേക്കുമെങ്കിലും അറിവും വിദ്യാഭ്യാസവും നേടും തോറും അവര്‍ക്ക് ക്രൂരത കൂടിവരും. എല്ലാം കൈപ്പിടിയില്‍ ഒതുക്കാനും എല്ലാവരേയും കാല്‍ക്കീഴിലാക്കാനും ഓരോ മനുഷ്യജീവിയും ഉള്ളില്‍ കൊതിക്കുന്നുണ്ട്. പണ്ട് ലോകം മുഴുവന്‍ വെട്ടിപ്പിടിച്ച് കോളനി സ്ഥാപിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട യൂറോപ്യന്‍ ധ്വരയുടെ മനസ്സിലും നമ്മുടെ നാട്ടിലെ അമ്മായിയമ്മ- മരുമകള്‍ പോരിനുള്ളില്‍ വരെയും ഈ കൊതിയാണ്. ബലഹീനരെ ശക്തിയും ബുദ്ധിയുമുപയോഗിച്ച് അടിമകളാക്കി നിലനിര്‍ത്തിയ ശക്തിപ്രകടനങ്ങളുടെ കഥകള്‍ മാത്രമാണ് നൂറ്റാണ്ടുകളായി തുടരുന്ന മനുഷ്യചരിത്രം.
അധികാരവും പണവും ഉപയോഗിച്ച് വന്‍തോതില്‍ നാടു കൊള്ളയടിക്കുന്ന മാഫിയകളുടെ ശക്തിപ്രകടനങ്ങളേക്കുറിച്ച് ഇവിടെ ഞാനൊന്നും പറയുന്നില്ല. അവനോടൊക്കെ ദൈവം ചോദിക്കട്ടെ. ബലഹീനര്‍ക്കും ശക്തിപ്രകടനങ്ങള്‍ക്കവസരമുണ്ട്, അവരാണിന്ന് നമ്മുടെ അതിഥികള്‍.
അടുത്തിടയായി കേരളത്തില്‍ കണ്ടുവരുന്ന ഹര്‍ത്താല്‍ ഇത്തരക്കാരുടെ ഒരു വിനോദപ്രകടനമാണ്. ഏതോ ഗുഹയിലിരുന്ന് ഒരു ഉണക്കനേതാവ് ഒന്ന് ആഹ്വാനം ചെയ്യും, അയാളുടെ ഡൂക്കിലി അണി അത് വാര്‍ത്തയാക്കി പത്രമോഫീസിലെത്തിക്കുന്നതോടെ പകുതി പണി പൂര്‍ത്തിയായി. നാളെ ഹര്‍ത്താല്‍ എന്നു കേള്‍ക്കുന്നതോടെ കേരളിയര്‍ സന്തോഷത്തോടെ കടയടച്ച് വണ്ടി ഒതുക്കിയിട്ട് പുരയ്‌ക്കകത്തു കയറി ടിവി കണ്ടിരുന്നോളും. അങ്ങനെ ഹര്‍ത്താല്‍ വിജയിക്കുന്നതോടെ ഉണക്ക നേതാവും അതിയാന്റെ സംഘടനയും പച്ച പിടിക്കുന്നു.
കേരള രാഷ്‌ട്രീയത്തില്‍ നോക്കിയാലും നമുക്കു കാണാം, ഈര്‍ക്കിലി പാര്‍ട്ടികളാണ് വമ്പന്‍ റാലികളും ശക്തിപ്രകടനങ്ങളും സംഘടിപ്പിക്കാന്‍ കേമന്മാരെന്ന്. ആ റാലികളുടെ ബലത്തിലാണ് അവര്‍ മുന്നണിയില്‍ പിടിച്ചുനില്‍ക്കുന്നതും വിലപേശുന്നതും. നാട്ടില്‍ പത്തുമുപ്പതു ശതമാനം വോട്ടുള്ള കോണ്‍ഗ്രസ് പാര്‍ട്ടി വിചാരിച്ചാല്‍ നല്ലൊരു പ്രകടനം നടത്താനാവില്ല. എന്നാല്‍ ഒരുശതമാനം വോട്ടുള്ള കെ മുരളീധരന്‍ (വസൂരിയുടെ പുണ്യവാന്‍ വി.സെബസ്‌ത്യാനോസ് എന്നു പറയുമ്പോലെ റാലിയുടെ പുണ്യവാനാണ് മുരളി)ഇറങ്ങിയാല്‍ വെടിക്കെട്ട് റാലികള്‍ എത്ര വേണമെങ്കിലും റെഡി. വിവാഹസല്‍ക്കാരപാര്‍ട്ടികള്‍ നടത്തിക്കൊടുക്കുന്നതുപോലെ ആയിരം പേരുടെ ജാഥയ്‌ക്കിത്ര തുക എന്ന മട്ടില്‍ റാലിക്ക് ആളെ കൊടുക്കുന്ന കരാറുകാരും ഉണ്ടെന്നാണ് കേള്‍വി. കേരളാകോണ്‍ഗ്രസ് ഒരു വിഭാഗത്തിന്റെ സംസ്ഥാന സമ്മേളനം പണ്ടൊരിക്കല്‍ കോട്ടയത്തു നടന്നു. പതിനായിരങ്ങള്‍ പങ്കെടുത്ത ആ പടുകൂറ്റന്‍ പ്രകടനത്തില്‍ ആയിരങ്ങള്‍ ആവേശപൂര്‍വ്വം മുദ്രാവാക്യം വിളിച്ചത് തമിഴിലാണ്. തലൈവര്‍ വാഴ്‌ക എന്ന് കൂവി വിളിച്ചു നടന്ന ആ തമിഴ്‌കഴുതകള്‍ക്ക് ഇതേതുപാര്‍ട്ടി?, നേതാവാര്? എന്നൊന്നുമറിയാത്തതില്‍ അത്ഭുതമില്ല. നാട്ടില്‍ ആളെ കിട്ടാതെ വന്നപ്പോള്‍ കരാറുകാരന്‍ എമര്‍ജന്‍സി ക്വോട്ടയില്‍ ആ പാവങ്ങളെ തമിഴ്‌നാട്ടില്‍ നിന്നിറക്കുമതി ചെയ്‌തതാണ്.
ഇല്ലാത്ത മേനി നടിക്കല്‍ രാഷ്‌ട്രീയത്തില്‍ മാത്രമല്ല, നിത്യജീവിതത്തിലും നമുക്കെന്നും വേണ്ടിവരുന്നതാണ്. നാട്ടിലെ ആഘോഷങ്ങളെല്ലാം മേനി നടിക്കാനുള്ള ശക്തിപ്രകടനങ്ങളാണല്ലോ! കല്യാണം, ശവമടക്ക്, മാമോദീസ, സഞ്ചയനം, അനുസ്‌മരണം... ചടങ്ങ് എന്തായാലും അതിന്റെ പേരില്‍ അഞ്ചുമിനിട്ട് റോഡ് ബ്ലോക്കായാല്‍ പോലും അതും ഒരന്തസാണ്. ബ്ലോക്ക് കൂടുന്തോറും ചടങ്ങിന്റെ എടുപ്പും കൂടും.
രാഷ്‌ട്രീയക്കാരന് റാലി എന്നതുപോലാണ് സാധാരണ പൗരന് അവന്റെ കുടുംബത്തിലെ വിവാഹച്ചടങ്ങ്. ശക്തി പ്രകടിപ്പിക്കാനുള്ള നിരവധി ഇനങ്ങള്‍ അതിലുണ്ട് എന്നതാണതിനു കാരണം. കല്യാണക്കുറിയുടെ വലുപ്പം മുതല്‍ തുടങ്ങാം. പിന്നെ അതിഥികളുടെ എണ്ണവും അവരുടെ പത്രാസും, വണ്ടികളുടെ ബഹളം, സദ്യയുടെ കൊഴുപ്പ്, പാട്ട്, ഡാന്‍സ്, വെടിക്കെട്ട് തുടങ്ങി എന്തെല്ലാം വകുപ്പുകളാണ് ശക്തിമത്സരത്തിനായി അവിടെ അവസരമൊരുക്കുന്നത്. വിവാഹച്ചടങ്ങുകളിലെ മറ്റൊരു ആകര്‍ഷണം വസ്‌ത്രധാരണമാണ്. വധൂവരന്മാരുടെ വേഷവിധാനം എന്തായാലും നമുക്കു സഹിക്കാം, കാരണം അവരാണ് അന്നത്തെ പ്രധാന താരങ്ങള്‍. പക്ഷേ വേഷം തെരഞ്ഞെടുക്കുമ്പോള്‍ അല്‌പം ശ്രദ്ധയുണ്ടാവുന്നത് നല്ലതാണ്. പണ്ടൊരിക്കല്‍ എറണാകുളത്തൊരു മനഃസമ്മതച്ചടങ്ങില്‍ കണ്ട വരന്റെ വേഷം എനിക്കു നന്നായി ഇഷ്‌ടപ്പെട്ടു. കഴുത്തില്ലാത്ത ഓവര്‍ കോട്ടും കുര്‍ത്തയും. ഒരു ഉത്തരേന്ത്യന്‍ സ്റ്റൈല്‍. ആളങ്ങനെ കുറച്ചു നേരം ചെത്തി നടന്നെങ്കിലും ഭക്ഷണത്തിനായി സ്റ്റാര്‍ ഹോട്ടലില്‍ എത്തിയപ്പോഴാണ് പ്രശ്‌നം! വരനെ പിന്നെ കാണാനേയില്ല. വരന്റെ അതേ ഡ്രസില്‍ 25 സപ്ലൈയര്‍മാര്‍ തവിയുമായി ആക്‌ഷന്‍ തുടങ്ങാനുള്ള സിഗ്നലിന് ചെവിയോര്‍ത്ത് നില്‍ക്കുന്നു.
വധുവിന് ഭീഷണി ചടങ്ങിനു പങ്കെടുക്കാനെത്തുന്ന മറ്റു സ്‌ത്രീകളാണ്. ഡാവണിപ്പരുവം മുതല്‍ തൊണ്ണൂറിലെത്തിയ വല്യമ്മമാര്‍ വരെ കസവില്‍ പൊതിഞ്ഞ് അരക്കിലോ സ്വര്‍ണ്ണവും തൂക്കിയാണ് മത്സരത്തിനിറങ്ങുന്നത്. മൂത്തുനരച്ച് കുട്ടിയാന രൂപത്തിലുള്ള ചിലര്‍ക്ക് ഷുഗറുമൂലം ഒന്നും കഴിക്കാനും വയ്യ, തടിയും നടുവേദനയും മൂലം അനങ്ങാനും വയ്യ. എങ്കിലും ആ കസവുസ്വര്‍ണ്ണ ഉരുപ്പടിയെ തേരു വലിക്കുന്നതുപോലെ പാപ്പാന്മാര്‍ പന്തലിലൂടെ കൊണ്ടു നടന്നോളും. കോട്ടണ്‍ സാരിയും അത്യാവശ്യത്തിനൊരു ചെറിയ മാലയുമിട്ട് മോഡസ്റ്റായി ഒരുങ്ങി കല്യാണത്തിനു പോകരുതോ എന്നാണ് എനിക്ക് ചോദിക്കാനുള്ളത്. ഓരോ ചടങ്ങിനും ഓരോന്ന് പറഞ്ഞിട്ടുണ്ടെന്നാണ് എന്റെ ഭാര്യ ഉള്‍പ്പടെ സ്‌ത്രീകള്‍ക്ക് പറയാനുള്ളത്.
അടുത്തിടെ ഒരു ശവമടക്കിനും തുടര്‍ന്നൊരു കല്യാണത്തിനും പങ്കെടുക്കേണ്ടതായി വന്നു. രാവിലെ പത്തുമണിക്ക് ചങ്ങനാശ്ശേരിയില്‍ ശവമടക്കില്‍ സംബന്ധിച്ച് 12 മണിയോടെ കല്യാണത്തിനായി പത്തനംതിട്ടയില്‍ എത്തണം. അപ്പോള്‍ നമ്മളെങ്ങനെ ഡ്രസ് ചെയ്യും? ശവമടക്കിനു മാച്ചു ചെയ്യുന്നതോ, കല്യാണത്തിനിണങ്ങുന്നതോ? ഭാര്യക്കാകെ കണ്‍ഫ്യൂഷനായി. നമുക്ക് സ്വന്തമായി ഒരു ഡ്രസ് കോഡുണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടാകുമോ! ഇതെങ്കിലും നാം രാഷ്‌ട്രീയക്കാരില്‍ നിന്നു കണ്ടുപഠിക്കണം. കല്യാണമായാലും, ശവമടക്കായാലും, പൊതുയോഗമായാലും, സ്‌ത്രീപീഡനമായാലും അവര്‍ക്കെന്നും ഒരേ ഡ്രസ്. ഓരോ മൂഡ്!
രാഷ്‌ട്രീയക്കാരുടെ കല്യാണങ്ങളില്‍ വി.ഐ.പി അതിഥികളുടെ വന്‍ ശക്തിപ്രകടനമുണ്ടാവുമെങ്കിലും ആദര്‍ശബുദ്ധിയുള്ളവര്‍ സല്‍ക്കാരം ചായയും ബിസ്‌ക്കറ്റിലുമൊതുക്കും.കല്യാണാഘോഷങ്ങളില്‍ പതിവായി ശക്തിപ്രകടനം നടത്തുന്ന മറ്റൊരു വിഭാഗമാണ് ഫോട്ടോഗ്രാഫര്‍മാര്‍. ഡയാനാ രാജകുമാരിക്കു പിന്നില്‍ വട്ടമിട്ടുനടന്നു ശല്യം ചെയ്‌ത പാപ്പരാസികളുടെ നാടന്‍ ഇനം. അവര്‍ വിവാഹച്ചടങ്ങു തുടങ്ങുന്നതോടെ സെഡ് കാറ്റഗറിയിലുള്ള നേതാക്കളെ ബ്ലാക്ക് ക്യാറ്റ്‌സ് വളഞ്ഞു നില്‍ക്കുന്നതുപോലെ വധൂവരന്മാരേയും പുരോഹിതനേയും(അല്ലെങ്കില്‍ പൂജാരി) വളഞ്ഞു നില്‍ക്കും. കല്യാണത്തിനു ക്ഷണിച്ചു വന്നവര്‍ക്ക് പിന്നെ താളത്തില്‍ തുള്ളുന്ന ഈ ഫോട്ടോഗ്രാഫ പൃഷ്‌ടങ്ങള്‍ കണ്ട് സായൂജ്യമടയാമെന്നല്ലാതെ അതിനുള്ളില്‍ എന്തു നടക്കുന്നു എന്നറിയാന്‍ യാതൊരു നിര്‍വാഹവുമില്ല. അറിഞ്ഞേ തീരൂ എന്നുണ്ടെങ്കില്‍ അല്‌പം ക്ഷമിക്കണം. കല്യാണം കഴിഞ്ഞ് അവരതിന്റെ സിഡിയും ആല്‍ബവും തരുമ്പോള്‍ പരിശോധിക്കാന്‍ വേണ്ടത്ര സാവകാശമുണ്ടാവും.
വിവാഹച്ചടങ്ങുകളുടെ നിയന്ത്രണം ശരിക്കും ഫോട്ടാഗ്രാഫര്‍ക്കാണെന്ന് തോന്നിപ്പോകാറുണ്ട്, ക്രിസ്‌ത്യന്‍ വിവാഹങ്ങളില്‍ പ്രത്യേകിച്ചും. കഥാ,തിരക്കഥ, ആക്‌ഷന്‍ എല്ലാം അവരു പറയും. വധൂവരന്മാരും പുരോഹിതനുമെല്ലാം അതനുസരിക്കുക. പള്ളിച്ചടങ്ങു കഴിഞ്ഞാല്‍ പിന്നെ പ്രേമരംഗ ചിത്രീകരണമാണ്. മേക്കപ്പ് കിറ്റുമായി ബന്ധുക്കള്‍ക്ക് വേണേല്‍ കൂടെ വരാം. ക്യാമറാമാന്‍ പ്രിയദര്‍ശന്‍, ലോഹിതദാസ് സ്റ്റൈലിലാകുന്നതോടെ ചെറുക്കനും പെണ്ണും അഭിനയത്തിലൂടെ നസീറും ഷീലയുമായി മാറും. എഡിറ്റു ചെയ്യുമ്പോള്‍ ഇഷ്‌ടമല്ലെടാ.. എനിക്കിഷ്‌ടമല്ലെടാ... എന്ന സിനിമാഗാനം കൂടി ചേര്‍ത്ത് ആ സീന്‍ മനോഹരമാക്കും.
ഫോട്ടോസെഷനുവേണ്ടി സമയമെത്ര വൈകിയാലും കല്യാണം കൂടാന്‍ വന്ന സാധുക്കള്‍, മന്ത്രി സുധാകരന്റെ ഭാഷയില്‍ പറഞ്ഞാല്‍ കൊഞ്ഞാണന്മാര്‍ തല്‍ക്കാലം സഹിച്ചോളും. പട്ടി സൂപ്പര്‍ മാര്‍ക്കറ്റില്‍ കടന്നതുപോലെ കാഴ്‌ചകള്‍ കണ്ട് പരുങ്ങി നടക്കും. ആരേയും കൊതിപ്പിക്കുന്ന വിഭവസമൃദ്ധമായ സദ്യ വിളമ്പി ഹാളിലൊരുക്കി വച്ചിരിക്കുന്നത് കണ്ട് വെള്ളമിറക്കും. ഷൂട്ടിംഗ് കഴിഞ്ഞ് കല്യാണതാരങ്ങളെത്തിയാലെ ഹാളൊന്നു തുറന്നു കിട്ടൂ. ഇനി തുറന്നാലോ? മണിക്കൂറുകളായി വെയിലും വിശപ്പു സഹിച്ചു നില്‍ക്കുന്നവന് സാമാന്യം നല്ലൊരു ഇടികൂടി നടത്തിയാലേ അകത്തു കയറാനാകൂ. പതിവായി ട്രാന്‍സ്‌പോര്‍ട്ട് ബസില്‍ കയറുന്നവര്‍ ഭാഗ്യവാന്മാര്‍ എന്തുകൊണ്ടെന്നാല്‍ ഒരുപക്ഷേ അവര്‍ക്ക് കസേര കിട്ടാം. ബാക്കിയുള്ളവര്‍ ബുഫേ തുടങ്ങിയ പാരമ്പര്യേതര തീറ്റ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കേണ്ടി വരും. എന്നാലും സാരമില്ല. ഇനിയാണല്ലോ പാവപ്പെട്ടവന്റെ ശക്തിപ്രകടനം തുടങ്ങുന്നത്. എല്ലാവരോടും പകയോടെ എന്ന ഭാവത്തിലാണ് പ്ലേറ്റ് എടുക്കുക. സോമാലിയക്കാരന്റെ ആര്‍ത്തിയോടെ ചിക്കണും ബീഫും ഫ്രൈഡ്‌റൈസും കോരിയിടും. ചിക്കണ്‍ കാലില്‍ ഒരു കടികടിച്ചിട്ട് വലിച്ചെറിഞ്ഞ് അടുത്ത കാലില്‍ പിടിക്കുന്നതു കാണുമ്പോള്‍ ധനാഢ്യനായ അറബിയുടെ ധാരാളിത്തമാണ് നാം കാണുക. കുറെ വെട്ടി വിഴുങ്ങുക ബാക്കി മുടിപ്പിക്കുക ഏതാണ്ട് മൂന്നാര്‍ദൗത്യസേനയുടെ ഇടിച്ചുനിരത്തല്‍ പോലെയാണ് സദ്യക്കുവരുന്നവരുടെ പൊന്നുമനസ്സ്. ഇതെല്ലാം പോകുന്നത് നമ്മുടെ സ്വന്തം വയറിലേക്കാണെന്ന പരിഗണനപോലും അപ്പോഴുണ്ടാവില്ല.
സ്‌ത്രീകളെ ശക്തിപ്രകടനത്തിനു സജ്ജരാക്കുന്നത് ജൗളി, സ്വര്‍ണ്ണക്കടകളാണന്നറിയാമല്ലോ. പുരുഷന്മാര്‍ക്ക് ഇക്കാര്യത്തില്‍ സഹായമേകാന്‍ ധൈര്യപൂര്‍വ്വം മുന്നോട്ടു വന്ന വിശ്വസ്‌ത സ്ഥാപനങ്ങള്‍ ബിവറേജസ്, സിവില്‍ സപ്ലൈസ് തുടങ്ങിയ സര്‍ക്കാര്‍ വക കോര്‍പ്പറേഷനുകളാണ്. ഏതു വിലയ്‌ക്കും വ്യാജനും ഒറിജിനലും സുലഭം. പിന്നെയിനി വൈകിട്ടെന്താണ് പരിപാടി? ദുഃഖത്തിലും സന്തോഷത്തിലും നിര്‍വികാരതയിലും ഏകാന്തതയുടെ അപാരതീരത്തും ആള്‍ക്കൂട്ടത്തിലും നിങ്ങള്‍ക്ക് ശക്തിപ്രകടിപ്പിക്കാം. ഒരു വല്യവീട്ടിലെ കൊച്ചമ്മയുടേയും ഭര്‍ത്താവിന്റേയും കഥ കേള്‍ക്കണോ? അഹംഭാവവും പത്രാസുമുള്ള കൊച്ചമ്മ ഭൃത്യനോടെന്നപോലെയാണ് ഭര്‍ത്താവിനോട് പെരുമാറിയിരുന്നത്. കോംപ്ലക്‌സുള്ള അയാള്‍ അതെല്ലാം സഹിച്ചു നില്‍ക്കും. രാത്രിയായാല്‍ അയാള്‍ പട്ടക്കട നിരങ്ങി പാതിരാത്രിക്കു കയറിവരും ഭാര്യയെ വിളിച്ചെഴുന്നേല്‌പിച്ച് കെട്ടുവിടുന്നതുവരെ കൊടുങ്ങല്ലൂര്‍ ഭരണി തോല്‍ക്കുന്ന പ്രകടനമാണ്. മാനഹാനിയും മര്‍ദ്ദനവും ഭയന്ന് ഭാര്യ അതു സഹിക്കും. അങ്ങനെ അവര്‍ പകലും രാത്രിയും മാറിമാറി ശക്തി പ്രകടിപ്പിച്ച് സമനിലയില്‍ കഴിഞ്ഞു പോന്നിരുന്നു. എപ്പോഴും എവിടെയും തോറ്റുതൊപ്പിയിടുന്ന ദരിദ്രരും നിസ്സാരരുമായ പാവങ്ങള്‍ക്ക് പടവാളായി ശക്തി തെളിയിക്കാന്‍ (പടവാളുവയ്‌ക്കാന്‍)ഇവനില്ലായിരുന്നെങ്കില്‍ എന്തായിരുന്നേനേ കഥ.