ഒരു ദേശീയ തെരഞ്ഞെടുപ്പിന്റെ ആലസ്യത്തിലമര്‍ന്നിരുന്നപ്പോഴാണ് ഞാനൊരു നിമിഷം ജനാധിപത്യത്തേക്കുറിച്ചു ചിന്തിച്ചത്. മന്ത്രി സുധാകരനു കവിത എഴുതാന്‍ പറ്റിയ വിഷയം എന്നതിലപ്പുറം ഇതിനെ ഞാനത്ര വകവച്ചിരുന്നില്ല. ജനാധിപത്യം, ഹാവൂ എത്ര മന്‍മോഹന സങ്കല്‌പം! ആ പേരു കേള്‍ക്കാന്‍ തന്നെ എന്തു ലാലൂപ്രസാദം. പ്രകാശം 24 കാരാട്ട്. ഭൂരിപക്ഷം ജനങ്ങള്‍ ഒത്തു ചേര്‍ന്ന് ഒരു തീരുമാനമെടുത്താല്‍ ദുര്‍ബലനായ പ്രധാനമന്ത്രിയും ശക്തനായി തിരിച്ചെത്തും. ഭൂരിപക്ഷമാണ്‌് ജനാധിപത്യത്തിന്റെ കാതല്‍. ന്യൂനപക്ഷസംരക്ഷണമൊക്കെ പള്ളിയില്‍ പറഞ്ഞാല്‍ മതി!
ആദ്യ വോട്ടു മുതല്‍ വോട്ടിംഗില്‍ എനിക്കൊരു പ്രത്യേക കഴിവുണ്ട്. ഞാന്‍ വോട്ടു ചെയ്യുന്നയാള്‍ ജയിക്കാറില്ല. ഇതറിയാതെ എല്ലാ സ്ഥാനാര്‍ത്ഥികളും കാര്യമായി എന്നോട് വോട്ടും അഭ്യര്‍ത്ഥിക്കാറുണ്ട്. വേറിട്ട ചിന്തകള്‍ കേറി വിലസുന്നതിനാലാവും മനസ് ഭൂരിപക്ഷത്തോടൊപ്പം നില്‍ക്കാത്തത്. ഇന്ന് അതൊക്കെ മാറി. ജയിക്കുന്നവനു വോട്ടു ചെയ്‌തു ജനകോടികള്‍ക്കൊപ്പം കോടി പങ്കിടാന്‍ ഞാനും പഠിച്ചു വരുന്നു.
ജനാധിപത്യത്തിന്റെ ശക്തി തെരഞ്ഞെടുപ്പിലാണ്. നാട്ടില്‍ ആരുമറിയാതെ കിടക്കുന്ന പയ്യനെ തണ്ടിലേറ്റി ഉയര്‍ത്തുന്നതും മാളിക മുകളിലിരുന്നു തണ്ടു കാണിക്കുന്ന പോഴന്‍ മന്ത്രിയെ പിടിച്ചു നിലത്തിറക്കുന്നതും അവനാണ്.
സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാന്‍ അവസരമുള്ള ചുരുക്കം രാജ്യങ്ങളിലൊന്നാണു നമ്മുടേത്. എന്നു കരുതി നമുക്ക് ഏറ്റവും ഇഷ്‌ടമുള്ള സ്വന്തം അമ്മാവന്റെ മോളെയൊന്നും ജനപ്രതിനിധിയായി എളുപ്പത്തില്‍ തെരഞ്ഞെടുക്കാനാവില്ല. മത്സരരംഗത്തു പതിവായി വരുന്ന യു.പി.എ-എന്‍.ഡി.എ മല്ലന്മാരെ അഥവാ ഇടിവെട്ടു മരണം-പാമ്പുകടി മരണം, ഇതില്‍ രണ്ടിലൊന്ന് നമുക്കു തെരഞ്ഞെടുക്കാം. ചൈനയില്‍ ജനാധിപത്യമില്ലാത്തതിനാല്‍ ഇത്ര സ്വാതന്ത്ര്യം പോലും കിട്ടില്ല. അവിടത്തെ പാര്‍ട്ടി സെക്രട്ടറി എല്ലാവര്‍ക്കും ഇടിവെട്ടു മരണം എന്നു പ്രഖ്യാപിച്ചാല്‍ ആരും പാമ്പുകടി വേണമെന്നു പറയാന്‍ ധൈര്യപ്പെടില്ല. കണ്ണൂര്‍ ജില്ലയിലെ ചില ബൂത്തുകളില്‍ ഇത്തരം ചൈനീസ് മോഡല്‍ ദൗര്‍ബല്യങ്ങള്‍ കാണാം. അത് കമ്യൂണിസ്റ്റുകള്‍ വിപ്ലവം തോക്കിന്‍ കുഴലു കാണിച്ച് തെരഞ്ഞെടുപ്പിലൂടെ കൊണ്ടുവരുന്നതാണ്.
ദോഷം പറയരുതല്ലോ, ഇവിടെ ആര്‍ക്കും മത്സരിക്കാം, ജയിക്കാനാണു ബുദ്ധിമുട്ട്. ജയിക്കണമെങ്കില്‍ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടികള്‍ നിശ്ചയിക്കണം. നാട്ടില്‍ കൊള്ളാവുന്നവരെയൊന്നുമല്ല അവരതിനായി കണ്ടെത്താറ്. ആരോഗ്യം, നല്ല സ്വഭാവം, വിദ്യാഭ്യാസ യോഗ്യത, ലോകപരിചയം, കാണാന്‍ ഭംഗി, നല്ല പ്രസംഗം, കാര്യപ്രാപ്‌തി, തന്റേടം ഇതൊന്നും നിര്‍ഭാഗ്യവശാല്‍ അവര്‍ പരിഗണിക്കാറില്ല. പ്രത്യേകിച്ച് കഴിവും പണിയുമില്ലാത്തവരാണ് ഈ രംഗത്തു ശോഭിക്കാറ്. ജാതി, പ്രാദേശികത്വം, നേതാവിനോടുള്ള കൂറും ബഹുമാനവും, അനുസരണ ഇതൊക്കെയാണു പാര്‍ട്ടിക്കാര്‍ ആവശ്യപ്പടുന്ന യോഗ്യത. ശത്രുവിനെ കണ്ടാല്‍ നല്ല രീതിയില്‍ കുരയ്‌ക്കുന്നത് അധിക യോഗ്യതയായി കണക്കാക്കും.
ജനപ്രതിനിധികളുടെ വരുമാനവും സുഖവും അനുഭവിച്ചവര്‍ ആ സ്ഥാനം പിന്നെയാര്‍ക്കും വിട്ടുകൊടുക്കില്ല. കിട്ടിയ അവസരത്തില്‍ നാലു തലമുറയ്‌ക്ക് സമ്പാദിക്കുന്നവര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാത്ത ഒരു പാവത്തിന് അവന്റെ കുടുംബം രക്ഷ പ്പെടട്ടെ എന്നു കരുതിപ്പോലും സീറ്റു നല്‍കില്ല. എന്നാല്‍ വലിയ നേതാക്കന്മാര്‍ക്ക് സീറ്റു നേടാന്‍ ഇത്തരം സിമ്പതിയും സംവരണവും കിട്ടാം. ലീഡര്‍ കരുണാകരന്‍ ഇത്തവണ രാജ്യസഭയ്‌ക്ക് അവകാശവാദം ഉന്നയിച്ചതും ഇത്തരം കാരണങ്ങളാലായിരുന്നല്ലോ? കുടുംബ സീറ്റാണ്, തീരെ വയ്യ, മെംബറാക്കിയാല്‍ എനിക്കും മോള്‍ക്കും ഡല്‍ഹിയില്‍ ചികിത്സയ്‌ക്കും യാത്രയ്‌ക്കും വളരെ ഗുണംകിട്ടും. ജയ്‌ഹിന്ദ്.
രാഷ്‌ട്രീയം പണ്ട് രാജ്യസേവനവും ത്യാഗവുമായിരുന്നു എന്നെല്ലാം പറഞ്ഞു പഴയ തലമുറ കൊതിപ്പിക്കാറുണ്ട്. സര്‍വ സുഖപരിത്യാഗികള്‍ക്കായിരുന്നു ഈ രംഗത്തു വിലയുണ്ടായിരുന്നത്. അതിനാല്‍ സ്വത്തെല്ലാം ഭാര്യയുടെയും മക്കളുടെയും പേരിലാക്കി പോക്കറ്റില്‍ കാലണ മാത്രം എന്നു സ്വത്തു പ്രഖ്യാപിക്കുന്ന ആദര്‍ശ പാപ്പര്‍മാരുണ്ടായിരുന്നു. ഇന്നും ത്യാഗമുണ്ട്, എത്ര കാലുപിടിച്ചാലാണ്, പാര പണിതാലാണ് മുന്‍ നിരയില്‍ എത്താനാവുക! ലക്ഷം മുടക്കി ഡോക്‌ടറായി ലക്ഷമുണ്ടാക്കുന്ന മെഡി(മേടി)ക്കല്‍ ബിസിനസ് പോലൊരു പ്രഫഷനാണ് രാഷ്‌ട്രീയം. അതിനാല്‍ ഇന്നു കോടീശ്വരന്മാര്‍ക്കാണ് മാര്‍ക്കറ്റും വോട്ടും.
അങ്ങനെ പാര്‍ട്ടിയെ ചാക്കിട്ടു സീറ്റു സമ്പാദിച്ചു ബാലറ്റു പേപ്പറില്‍ നിരന്നിരിക്കുന്ന കോടീശ്വരന്മാരായ കഴുത, കുറുക്കന്‍, കടുവ, ബാലശിങ്കം, മരപ്പട്ടി, കരിങ്കാലന്‍, പൊട്ടു അമ്മന്‍ തുടങ്ങിയ ഇനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണത്തിനെയാണ് നാം സ്വന്തം പ്രതിനിധിയായി തെരഞ്ഞെടുക്കേണ്ടത്. ഇവര്‍ക്ക്‌് ധാരാളം അപരന്മാരും കാണും.
സ്ഥാനാര്‍ത്ഥിയെ കേമന്മാരാക്കുന്നത് കോടികളിറക്കിയുള്ള പരസ്യവും മീഡിയാ പ്രചാരണവുമാണ്. കവലകള്‍ തോറും കക്ഷം പൊക്കി നില്‍ക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ഫ്‌ളെക്‌സ് ബോര്‍ഡു വരുന്നതോടെ ആളു പുലിയായി. നഗരത്തിന്റെ ഇടുങ്ങിപ്പൊളിഞ്ഞ രാജവീഥിയിലെത്തി മൈക്കിലൂടെ വിളിച്ചുപറഞ്ഞ് അവനെ നാടിന്റെ കണ്ണിലുണ്ണിയും, ആദര്‍ശധീരനുമാക്കണം. അമേരിക്കന്‍ സാമ്രാജ്യത്വവും, ആഗോളവത്‌കരണവും ചെറുക്കുവാന്‍ ഈ ചങ്ങാതിക്കു വോട്ടു ചെയ്‌താല്‍ മതി എന്നു സ്ഥാപിക്കണം. അതിനുള്ള ചര്‍ച്ചകള്‍ ചാനലിലൂടെ കൊഴുപ്പിക്കണം. എങ്കിലെ വോട്ട്, പെട്ടിയില്‍ വീഴൂ. ആഗോളതാപനം അഞ്ചുകൊല്ലത്തിനകം ശരിയാക്കാമെന്ന ഉറപ്പില്‍ ഞാനിത്തവണ ഒരു കൊഞ്ഞാണന് വോട്ടു കൊടുത്തു പോയി.
ഇടയ്‌ക്കിടക്ക് നാട്ടില്‍ തെരഞ്ഞെടുപ്പു വരും, ഭൂരിപക്ഷം കിട്ടുന്നവര്‍ ഭരിക്കുമെന്നതെല്ലാം ശരിയാണെങ്കിലും പെതുവേ ജനാധിപത്യത്തിനല്‌പം മാന്ദ്യമില്ലേയെന്ന് എനിക്കു സംശയമുണ്ട്. ജനാധിപത്യപാര്‍ട്ടികളില്‍ പോലും ന്യൂനപക്ഷം വരുന്ന നേതാക്കളാണ് ഭൂരിപക്ഷം ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നത്! മന്ത്രിസഭയുടെ ഭൂരിപക്ഷം പോയി ന്യൂനപക്ഷമായാല്‍ കോടികളിറക്കി ഭൂരിപക്ഷമാക്കുന്ന സാങ്കേതിക വിദ്യയും നാം വികസിപ്പിച്ചു കഴിഞ്ഞു. വന്നുവന്ന് അത്യാവശ്യം രാഷ്‌ട്രീയവും കസ്‌റ്റഡിയില്‍ ക്വട്ടേഷന്‍ സംഘവുമുണ്ടെങ്കില്‍ ആര്‍ക്കും ഈ ജനാധിപത്യത്തിലും രാജഭരണമാകാം.
സൗന്ദര്യ മത്സരം, റിയാലിറ്റി ഷോ തുടങ്ങിയ ഗ്ലാമര്‍ വിനോദ സെറ്റപ്പുകളില്‍ പോലും പേരിനു ജനാധിപത്യം വന്നു കഴിഞ്ഞു. അവിടെ ജയിക്കാന്‍ പണം മുടക്കിയുള്ള എസ്.എം.എസ്. വോട്ടുകള്‍ തന്നെ വേണം. നമ്മുടെ വിദ്യാഭ്യാസം, വിവാഹം, ജോലി ഇവയൊന്നും തെരഞ്ഞെടുക്കുന്നതു ജനാധിപത്യ രീതിയിലല്ല. അതൊക്കെ ഒരുകണക്കിനു ലോട്ടറിയാണല്ലോ!
എന്തിന്, നിങ്ങളുടെ വീട്ടില്‍ എന്തെങ്കിലും കാര്യം ജനാധിപത്യ രീതിയില്‍ ഭൂരിപക്ഷ അഭിപ്രായപ്രകാരം നടക്കാറുണ്ടോ? ആവേശപൂര്‍വ്വം ജനാധിപത്യം പറയുന്ന പലരും സ്വന്തം കാര്യം വരുമ്പോള്‍ ഒരു പുലി പ്രഭാകരനോ പിണറായിയോ ആകാനാണല്ലോ ശ്രമം.