Tuesday, April 7, 2009

ദുഃഖങ്ങള്‍ക്ക്‌ ഇന്നവധി, നാളെയും


വിഷമങ്ങളും വേദനകളും കുറയ്‌ക്കാന്‍ തമാശും ചിരിയും നല്ല ഔഷധമാണെന്ന്‌ വൈദ്യശാസ്‌ത്രം തെളിയിച്ചിട്ടുണ്ട്‌. പിരിമുറുക്കം കുറയ്‌ക്കുന്ന മനസ്സിന്റെ വ്യായാമമാണ്‌ ചിരി. ഇത്‌ രക്തസമ്മര്‍ദ്ദം, ഹൃദയസ്‌പന്ദനം, മസില്‍ പ്രവര്‍ത്തനം, വയറിലെ അസിഡിറ്റി എന്നിവയെല്ലാം നിയന്ത്രിച്ചു നേരെയാക്കും. അതിനാല്‍ കാര്‍ട്ടൂണിസ്റ്റുകളെ സ്‌പെഷ്യാലിറ്റി ആശുപത്രികളില്‍ നിയമിക്കുന്ന കാലം വിദൂരമല്ല. അല്ലെങ്കില്‍ ആശുപത്രി ബില്ലു കണ്ട്‌ രോഗികള്‍ ചിരിച്ചുചിരിച്ചു വട്ടായി വീണ്ടും അഡ്‌മിറ്റാകും.
പക്ഷേ ചിരിപ്പിക്കാന്‍ വേണ്ടി ദിവസവും വളരെയേറെ വേദനയനുഭവിക്കുന്നവനാണ്‌ ഞാന്‍. അന്നന്നത്തെ തമാശ കണ്ടെത്താനുള്ള വേദന. ഓര്‍ത്താല്‍ അതുമൊരു തമാശയല്ലേ!
സന്തോഷത്തിന്റെ മറുവശമാണ്‌ സങ്കടം എന്നാണ്‌ പലരും പറയാറ്‌. എന്നാല്‍ രണ്ടും ഒരു വശത്തല്ലേ എന്നും എനിക്കു തോന്നാറുണ്ട്‌. ചിരിയുണ്ടാക്കാന്‍ ചിരിയോടൊപ്പം വേദനകളും ആത്മാര്‍ത്ഥമായി സഹകരിക്കാറുണ്ട്‌. പണ്ടത്തെ `ചാര്‍ളി ചാപ്ലിന്‍', `ലോറല്‍ ആന്റ്‌ ഹാര്‍ഡി' സിനിമകള്‍ ഇന്നും ആബാലവൃദ്ധം ജനങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്നു. അതിലെ കഥാപാത്രങ്ങള്‍ ഉരുണ്ടുവീണും അടി വാങ്ങിയും ധാരാളം വേദന ഏറ്റുവാങ്ങിയാണ്‌ നമ്മേ ചിരിപ്പിക്കുന്നത്‌. മറ്റുള്ളവരുടെ ദുരന്തത്തില്‍ സത്യത്തില്‍ മനുഷ്യര്‍ ഉള്ളുകൊണ്ട്‌ ആനന്ദിക്കുന്നുണ്ട്‌. അതിനു ഗ്രേഡ്‌ വ്യത്യാസമുണ്ടെന്നു മാത്രം.
ഒരു കൊച്ചുകുട്ടി പഴത്തൊലിയില്‍ തെന്നി വീണാല്‍ ആരും ചിരിക്കില്ല, പഴത്തൊലി പോലും. വീണവന്‍ വലിയവനാണേല്‍ ചിരി വരാം. അതൊരു പൊങ്ങനൊ പോഴനോ പത്രാസുകാരനോ ആണേല്‍ ചിരി കൂടും. സമൂഹത്തില്‍ സ്ഥാനം കൂടുന്നതനുസരിച്ച്‌ ചിരിയും കൂടും. വീഴ്‌ച ഐസിലോ വെള്ളത്തിലോ കുമ്മായത്തിലോ ചെളിയിലോ ആണേല്‍ നന്നായി ചിരിക്കാം. നിലത്തുവീണു പരിക്കു പറ്റിയാല്‍ ചിരി കുറയും, മരണപ്പെട്ടാല്‍ ചിരിയേയില്ല. കണ്ടോ! ആളും തരവും സമയവും സന്ദര്‍ഭവുമനുസരിച്ചാണ്‌ നമ്മുടെ ചിരി.
സന്തോഷവും വേദനയും നമുക്ക്‌ നിയന്ത്രിക്കാനാകുമെന്നും അവ ആവശ്യാനുസരണം ഉപയോഗിച്ച്‌ സന്തോഷിച്ചോ ദുഃഖിച്ചോ എല്ലാവര്‍ക്കും കഴിഞ്ഞുകൂടാമെന്ന്‌ ഞാന്‍ ഏതാണ്ട്‌ കണ്ടുപിടിച്ചിട്ടുണ്ട്‌.(പരീക്ഷണം തുടരുന്നു.)
എന്താണ്‌ ഈ സങ്കടവും സന്തോഷവും? സന്തോഷമവിടെ ഇത്തിരി നേരം നിക്കട്ടെ, നമുക്ക്‌ സങ്കടത്തെ ഒന്നു കൈകാര്യം ചെയ്യാം. സങ്കടം അംഗബലമുള്ള അതിപുരാതന തറവാട്ടുകാരാണ്‌. വിഷമം, വേദന, വല്ലായ്‌മ, ശീലായ്‌മ, മൂഡോഫ്‌, അസ്‌തിത്വ ദുഃഖം, പേടിച്ചത്‌, വിരഹം, രോഗം, കഴപ്പ്‌ തുടങ്ങിയവരെല്ലാം ഇഷ്‌ടന്റെ കസിന്‍സാണ്‌. വേദന ശരീരത്തിനും മനസ്സിനും വരാമല്ലോ. ഏതാണ്‌ തമ്മില്‍ ദുസ്സഹം? എന്നൊന്ന്‌ എസ്‌.എം.എസ്‌ പോള്‍ നടത്തിനോക്കൂ. ശരീരത്തിന്റേത്‌ സഹിക്കാം, മനസ്സിന്റേതാണ്‌ കടുപ്പം എന്ന്‌ ഹൈസ്‌ക്കൂള്‍ കാമുകീകാമുകന്മാര്‍ പോലും സമ്മതിക്കും.
ശരീരവേദനകളില്‍ തലവേദനയാണ്‌ രാജാവ്‌. മെഗാട്യൂമറുണ്ടായാലും, പ്രഷറു കൂടിയാലും വെറും നേരമ്പോക്കിനും തലവേദന വരാം. പുറമെ പ്രകടമായ തെളിവുകളൊന്നും വേണ്ടാത്തതുകൊണ്ട്‌ എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും തലവേദന അവകാശപ്പെടാം. അതിനാല്‍ സ്‌കൂളിലും ഓഫീസിലും അവധിക്കായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതും തലവേദനയാണ്‌. നാട്ടില്‍ തീറ്റയ്‌ക്കും ഗ്യാസിനും പഞ്ഞമില്ലാത്തതിനാല്‍ വേദനകളില്‍ രണ്ടാം സ്ഥാനം വയറുവേദനയ്‌ക്കായിരിക്കണം.
വീട്ടില്‍ ചെറുപ്പത്തില്‍ ഞാനൊരു വയറുവേദനക്കാരനായാണ്‌ അറിയപ്പെട്ടിരുന്നത്‌. ഹയര്‍ ഓപ്‌ഷനില്‍ ചേട്ടന്‌ തലവേദന കിട്ടിയതുകൊണ്ട്‌ എനിക്ക്‌ വയറുവേദനകൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നു. ചേട്ടന്റെ തലവേദന ഷോര്‍ട്ട്‌സൈറ്റ്‌ ആണെന്ന്‌ വളരെ നാളുകള്‍ക്കു ശേഷമാണ്‌ കണ്ടെത്തിയത്‌. അതിനിട വരുത്തിയതോ? ഒരാന. നേര്യമംഗലം വഴി മൂന്നാറിലേയ്‌ക്ക്‌ പോകുമ്പോള്‍ പണ്ട്‌ വാളറ ഭാഗത്ത്‌ ആനകളെ കാണാറുണ്ട്‌. സന്ധ്യ കഴിഞ്ഞാല്‍ ആനകള്‍ റോഡിലുമെത്തും. ഒരിക്കല്‍ ഞങ്ങള്‍ കുടുംബസമേതം കാറില്‍ അവിടെയെത്തിയപ്പോള്‍ റോഡിനക്കരെ ദൂരെയുള്ള മലയിലെ പുല്‍മേടില്‍ നില്‍ക്കന്ന ആനയെ അച്ഛന്‍ കാണിച്ചു തന്നു. ഞങ്ങളെല്ലാവരും ആനയെ കണ്ടു. ചേട്ടന്‍ മാത്രം കണ്ടില്ല. പല തവണ ചൂണ്ടിക്കാണിച്ചിട്ടും ഊന്നിക്കാണിച്ചിട്ടും ചേട്ടന്‍ കണ്ടില്ല.
`നിനക്ക്‌ മാത്രം എന്തുകൊണ്ട്‌ കണ്ടുകൂടാ?'
എന്നു തത്വാധിഷ്‌ടിതമായി ചോദിച്ച്‌ വഴക്കു പറഞ്ഞുതുടങ്ങിയതോടെ മലയിലുള്ള ഒരു പാറ ആനയാണെന്ന്‌ ചേട്ടന്‍ സങ്കല്‌പിച്ചു. ആനയെ കണ്ടെന്ന്‌ നുണയും പറഞ്ഞ്‌ തല്‌ക്കാലം രക്ഷപ്പെട്ടു.
എന്റെ വയറുവേദന ഡിസന്ററിയിലാണ്‌ അവസാനിച്ചത്‌. അവസാനിച്ചു എന്നു പറയാനാവില്ല, അതൊരു തുടക്കം മാത്രം.വേണ്ടവിധം ശ്രദ്ധിക്കാതിരുന്നതിനാല്‍ അത്‌ അമീബിക്‌ ഡിസന്ററിയായി നാട്ടില്‍ പേരെടുത്തു. കഷായത്തിലൂടെ ഒരായൂര്‍വേദ തന്ത്രി ഇവനെ ഒതുക്കി തന്നെങ്കിലും അതുവരെയുള്ളകാലം ഞാന്‍ കുറച്ചു കഷ്‌ടപ്പെട്ടു. പ്രത്യേകിച്ച്‌ യാത്രയില്‍. അസുഖകാലത്ത്‌ എറണാകുളം ട്രാന്‍സ്‌പോര്‍ട്ട്‌ ്‌ ബസ്‌ സ്റ്റാന്‍ഡു വക കക്കൂസിലും കയറേണ്ട ഗതികേട്‌ ഉണ്ടായിട്ടുണ്ട്‌. ഒരു ഇന്റര്‍വ്യു യാത്രക്കിടയില്‍ ബസ്സിറങ്ങി കക്കൂസ്‌ തപ്പി ഓടി. പൊതുവേ വൃത്തിഹീനമാണെന്നറിയാവുന്നതുകൊണ്ട്‌ അതെവിടെയാണെന്ന്‌ ഒരിക്കല്‍ പോലും ശ്രദ്ധിച്ചിരുന്നില്ല. ക്യു നില്‍ക്കേണ്ടി വന്നാലോ എന്നും മനസ്സില്‍ പേടിയുണ്ട്‌. ഭാഗ്യം! ഒരെണ്ണത്തിന്റെ വാതില്‍ തുറന്നു കിടക്കുന്നു. ചാടി അകത്തുകയറി നോക്കിയപ്പോഴാണറിയുന്നത്‌ വാതിലിനു കുറ്റിയില്ല. സാരമില്ല, തള്ളിപ്പിടിക്കാം എന്ന ആശ്വാസത്തില്‍ പാന്റൂരി കുനിയാന്‍ തുടങ്ങിയപ്പോഴാണ്‌ മറ്റൊരു ദുഃഖസത്യം കണ്ടെത്തിയത്‌. വാതിലിന്‌ അടിഭാഗവും ഇല്ല. ഇല്ലെങ്കിലില്ല, അത്യാവശ്യക്കാരന്‌ ഔചിത്യവും അടിഭാഗവും വേണ്ടല്ലോ!
ഏതാണ്‌ ഏറ്റവും വലിയ വേദന? പല്ലില്‍ ദന്തിസ്റ്റ്‌, ഓന്റെ ജെ.സി.ബി കൊണ്ട്‌ തുളയ്‌ക്കുമ്പോഴുള്ള പുളിപ്പുള്ള വേദനയാണോ അതോ മെഡുല്ല ഒബ്ലാങ്കട്ട വരെ ചുരണ്ടുന്ന ചെവി വേദനയോ? പല്ലുവേദന വന്നാല്‍ ഒന്നും തിന്നണ്ട, ചെവിയാണേല്‍ ഒന്നും കേള്‍ക്കണ്ട; എന്നാല്‍ കണ്ണിനസുഖം വന്നാല്‍ ടിവിയെങ്ങനെ കാണും? ഓരോന്നു വരുമ്പോള്‍ അവനാണു വലുതെന്നു തോന്നും. പ്രസവവേദനയാണ്‌ ഏറ്റവും വലുതെന്ന്‌ പറഞ്ഞാണ്‌ സ്‌ത്രീകള്‍ ഞെളിഞ്ഞു നടക്കുന്നത്‌. സിസേറിയനായതോടെ അതും തീര്‍ന്നു. പ്രസവവേദന കഠിനമാണ്‌, അത്‌ സ്‌ത്രീകള്‍ക്കു മാത്രം ആകുന്നത്‌ ശരിയല്ല, കാരണക്കാരനായ പുരുഷനും കുറച്ച്‌ അനുഭവിക്കണമെന്നു പറഞ്ഞ്‌ പണ്ട്‌ വനിതാ കമ്മീഷനു പരാതി കൊടുത്ത കഥ കേട്ടിരിക്കുമല്ലോ?
ഇല്ലെങ്കില്‍ കഥാസംഗ്രഹം ഇതാണ്‌:
പ്രസ്‌തുത പരാതി ഫയലില്‍ സ്വീകരിച്ചു. ആധുനിക വൈദ്യസാങ്കേതിക വിദ്യ ഉപയോഗിച്ച്‌ പ്രസവവേദനയുടെ മുപ്പത്തിമൂന്നും മൂന്നിലൊന്നു ശതമാനം വേദന പുരുഷനു കിട്ടണമെന്ന്‌ കമ്മീഷന്‍ ഉത്തരവുമിറക്കി. പക്ഷേ പ്രസവത്തിനുത്തരവാദിയായ പുരുഷനാണ്‌ വേദന കിട്ടുക എന്നതിനാല്‍ ഭര്‍ത്താവിന്‌ വേദന വരണമെന്നില്ല. മാത്രമല്ല ആ വാര്‍ത്ത പത്രത്തില്‍ വന്ന്‌ നാണക്കേടുമുണ്ടാവാം. എല്ലാം കൂടി ചിന്തിച്ചപ്പോള്‍ ഒത്തുതീര്‍പ്പിലെത്തി കേസ്‌ പിന്‍വലിച്ചതായിട്ടാണ്‌ ഒടുവില്‍ കിട്ടിയ അറിവ്‌.
ശരീര വേദനകള്‍ തീര്‍ക്കാന്‍ എത്രയോ മരുന്നുണ്ട്‌. മനസ്സിന്റെ വേദനയ്‌ക്ക്‌ എന്തു ചെയ്യും? യോഗ, മെഡിറ്റേഷന്‍, മ്യൂസിക്‌ തെറാപ്പി, ഹ്യൂമര്‍ തെറാപ്പി, ധ്യാനം എന്നെല്ലാം പറഞ്ഞ്‌ ഈയിടെയായി പലരും രക്ഷപ്പെട്ടു പോകുന്നുണ്ട്‌. അതിനു യോഗയല്ല, യോഗം തന്നെ വേണം.


വേദനക്കുടുംബത്തിലെ ആഢ്യത്വമുള്ളവരാണ്‌ മനഃപ്രയസക്കാര്‍. സ്‌ട്രെസ്‌, ആങ്‌സൈറ്റി, ഫോബിയ, ടെന്‍ഷന്‍ തുടങ്ങി എത്രയെത്ര ജാതികള്‍. പണ്ട്‌ വട്ടെന്ന്‌ പറഞ്ഞ്‌ വട്ടുതട്ടി അവഗണിച്ചിരുന്നവര്‍ ഇന്ന്‌ അന്തസ്സായി രോഗലോകം നിയന്ത്രിക്കുന്നു. കടം, പ്രണയം, മത്സരം, ആക്രാന്തം, അസൂയ, മൊബൈല്‍ ക്രിയകള്‍ എന്നിവ ചെറുപ്പം മുതല്‍ പുഷ്‌ടിപ്പെട്ടു വരുന്നതുകൊണ്ട്‌ എല്‍.കെ.ജി പിള്ളേര്‍ക്കു വരെയുണ്ട്‌ ഡിപ്രഷന്‍. അവരെ പഠിപ്പിക്കുന്ന സാറിന്‌ സ്‌ട്രെസ്‌. അതെല്ലാം ഓര്‍ത്താല്‍ പേരന്‍സിനും ഉണ്ടാവും ടെന്‍ഷന്‍.

നമുക്ക്‌ ദുഃഖം വേണ്ടാ, സന്തോഷം മാത്രം മതി. അതിനെന്താണു മാര്‍ഗ്ഗമെന്ന്‌്‌ ബുദ്ധന്‍ മുതല്‍ ഓഷോ വരേയും റിസേര്‍ച്ച്‌ നടത്തി ഡോക്‌ടറേറ്റെടുത്തിട്ടും ആളുകള്‍ക്ക്‌ ഇന്നും ദുഃഖം ബാക്കി. നാം എന്തു ചിന്തിക്കുന്നുവോ അതാണു നമുക്ക്‌ കിട്ടുക. മനസ്സില്‍ സന്തോഷമുള്ള കാര്യം നിറഞ്ഞു നിന്നാല്‍ സന്തോഷവും, ദുഃഖമുള്ള കാര്യം ഓര്‍ത്തിരുന്നാല്‍ ദുഃഖവും കിട്ടും. എന്നറിയാഞ്ഞിട്ടല്ലാ, അതിനു കഴിയണ്ടേ?
ഞാനെപ്പോഴും മോശപ്പെട്ട, വേദനയുള്ള, ദുഃഖമുള്ള കാര്യങ്ങളാണാലോചിക്കുക. പ്രതീക്ഷിക്കുന്ന ആളല്‌പം വൈകിയാല്‍ ആ ബസിപ്പോള്‍ കൊക്കയിലേയ്‌ക്ക്‌ മറിഞ്ഞു കാണും എന്നാവും ചിന്ത, ഒരുപക്ഷേ വണ്ടിയിടിച്ചു കാലൊടിഞ്ഞിട്ടുണ്ടാവണം. വണ്ടി തീ പിടിച്ച സംഭവങ്ങളുണ്ടല്ലോ? അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നറിയുമ്പോഴുള്ള ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടിയാണിതൊക്കെ ചെയ്യുന്നത്‌. അല്ലെങ്കില്‍}ഞാന്‍ വിചാരിച്ചാല്‍ ഒന്നും അതുപോലെ സംഭവിക്കില്ലെന്ന്‌ ഒരു ധൈര്യം. അതുമല്ലെങ്കില്‍ ഏതു ദുരന്തവും ഏറ്റെടുക്കാന്‍ മനസ്സിനെ പാകപ്പെടുത്തല്‍. ആ ഒരുനിമിഷ സന്തോഷം കഴിഞ്ഞാല്‍ വീണ്ടും ഇത്തരം ദുഃഖ ചിന്തകള്‍ തുടങ്ങും. അവസാനം ഞാനിന്ന്‌ തിരിച്ചറിയുന്നു, ദുഃഖമാണെന്റെ സന്തോഷം. ഇടയ്‌ക്ക്‌ വല്ലപ്പോഴും അവധിയെടുക്കുന്നു എന്നു മാത്രം.

1 comment:

Anonymous said...

എന്‍റെ ജനനസ്ഥലം വയനാടും ഇപ്പോള്‍ കോഴിക്കാട്ടിലുമാണ് .പ്ലസ് ടു വിദ്യാര്‍ത്തിയാണ് .അല്പം നന്നായി കവിതയും എഴുതും.പറ്റുമെങ്കില്‍ എന്‍റെ ബ്ലോഗ് വായിച്ചു അഭിപ്രായം അറിയിക്കുക.കാരണം എന്‍റെ കവിതയിക്ക് അവയിക്കെ NPK വളമാണ്.